Monday, January 6, 2025
Kerala

ഇടുക്കി ലഹരി ഇടപാടുകളുടെ ഹബ്ബായി മാറുന്നതായി എക്‌സൈസ്; കുറ്റവാളികളുടെ ഡാറ്റ ബാങ്ക് തയാറാക്കും

വിദ്യാര്‍ത്ഥികളിലടക്കം ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ കുറ്റവാളികളുടെ ഡാറ്റ ബാങ്ക് തയ്യാറാക്കാന്‍ ഒരുങ്ങി എക്‌സൈസ് വകുപ്പ്. ഇടുക്കിയില്‍ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ വന്‍ വര്‍ധനയാണ് രണ്ട് മാസത്തിനിടെ ഉണ്ടായത്. ഒന്നില്‍ കൂടുതല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ കണ്ടെത്തി കരുതല്‍ തടങ്കലിലാക്കുന്ന നടപടിയും എക്‌സൈസ് വകുപ്പ് സ്വീകരിക്കും.

ഇടുക്കിയില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത മയക്കുമരുന്ന് കേസുകളുടെ എണ്ണം തൊണ്ണൂറ്റി രണ്ടാണ്. ഇതില്‍ കൂടുതലും എംഡിഎംഎ പോലുള്ള സിന്തറ്റിക് ഡ്രഗ്‌സുകളുടെ ഉപയോഗവും വില്‍പ്പനയും നടത്തിയതിനാണ്. ഈ സ്ഥിരം കുറ്റവാളികളെ നിരീക്ഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് എക്‌സൈസിന്റെ തീരുമാനം.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ലഹരി ഉപയോഗത്തിന്റെ കണക്കുകളും ഞെട്ടിക്കുന്നതാണ്. പതിനാലിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള 47 കുട്ടികളാണ് കഴിഞ്ഞ നാല് മാസത്തിനിടെ ജില്ലയില്‍ എക്‌സൈസിന്റെ മാത്രം പിടിയിലായത്. ഓരോ മാസവും ഇത്തരം കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇടുക്കി ലഹരി ഇടപാടുകളുടെ ഹബ്ബായി മാറുന്നു എന്നാണ് എക്‌സൈസിന്റെ വിലയിരുത്തല്‍. ഈ മാസം പത്താം തിയതി ലോറിയില്‍ കടത്തിക്കൊണ്ടുവന്ന എണ്‍പത് കിലോ കഞ്ചാവ് പിടികൂടിയ സംഭവം ഉള്‍പ്പെടെ ഇതിന് തെളിവാണ്.

കഞ്ചാവില്‍ നിന്ന് ലഹരി ഉപയോഗം തുടങ്ങുന്ന കുട്ടികള്‍ പിന്നീട് ലഹരി പോരാതെ വരുമ്പോള്‍ എംഡിഎംഎ പോലുള്ള മാരക ലഹരി മരുന്ന് ഉപയോഗത്തിലേക്ക് കടക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എംഡിഎംഎ ഉപയോഗത്തില്‍ അടുത്ത കാലത്തായി വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. കേരള- തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലും പരിശോധന ശക്തമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും എക്‌സൈസ്, പോലീസ്, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെയും സഹകരണത്തോടെ ജാഗ്രതാ സമിതികളും രൂപീകരിക്കാനാണ് എക്‌സൈസിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *