50 ശതമാനം വനിതാ സംവരണം അവകാശം; കോടതികളിലും പ്രാവർത്തികമാകണമെന്ന് ചീഫ് ജസ്റ്റിസ്
വനിതകൾക്ക് 50 ശതമാനം സംവരണം അവകാശമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. സുപ്രീം കോടതിയിലും മറ്റ് കോടതികളിലും ഈ ലക്ഷ്യം കൈവരിക്കാനാകണം. ആ നേട്ടം കൈവരിക്കുന്ന ദിവസം ഇവിടെയില്ലെങ്കിലും താൻ സന്തോഷവാനായിരിക്കുമെന്നും രമണ പറഞ്ഞു.
കീഴ്‌ക്കോടതിയിൽ നാൽപത് ശതമാനത്തിൽ താഴെയാണ് വനിതാ ജഡ്ജിമാരുടെ എണ്ണം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇത് 11 ശതമാനത്തിൽ താഴെയാണ്. രാജ്യത്തെ ലോ സ്‌കൂളുകളിലെ വനിതാ സംവരണത്തെ ശക്തമായി പിന്തുണക്കുന്നു. കൂടുതൽ സ്ത്രീകൾ നിയമരംഗത്തേക്ക് കടന്നുവരുമെന്നും 50 ശതമാനം കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സുപ്രീം കോടതി ജഡ്ജിമാരെ ആദരിക്കുന്നതിനായി വനിതാ അഭിഭാഷകർ സംഘടിപ്പിച്ച പരിപാടിയിലാണ് എൻ വി രമണയുടെ പ്രതികരണം. ദസറ അവധിക്ക് ശേഷം നേരിട്ട് വാദം കേൾക്കുന്നത് ആരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നു. കോടതികൾ തുറക്കുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്നും രമണ പറഞ്ഞു.