കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു; സുപ്രീം കോടതിയിലേക്ക് 9 പുതിയ ജഡ്ജിമാർ
മൂന്ന് വനിതകൾ ഉൾപ്പെടെ 9 പുതിയ ജഡ്ജിമാരെ സുപ്രീം കോടതി സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് കൊളീജിയം നൽകിയ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് എൻ. വി രമണ അധ്യക്ഷനായ കൊളീജിയം ശുപാർശയാണ് കേന്ദ്രം പുർണമായി അംഗീകരിച്ചത്. ശുപാർശ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു.
ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാൻ സാധ്യതയുള്ള ജസ്റ്റിസ് ബി വി നാഗരത്ന, കേരള ഹൈക്കോടതിയിലെ സീനിയർ ജഡ്ജിമാരിൽ രണ്ടാമത്തെയാളായ ജസ്റ്റിസ് സി ടി രവികുമാർ എന്നിവരും പട്ടികയിൽ ഉണ്ട്. നിയമനത്തിന് അംഗീകാരം ലഭിച്ചതോടെ 2027 ൽ നാഗരത്‌ന സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് എത്തും. ആദ്യമായി മൂന്നു വനിതാ ജഡ്ജിമാരെ കൊളീജിയം ഒരുമിച്ച് ശുപാർശ ചെയ്യുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജിതേന്ദ്ര കുമാർ മഹേശ്വരി, മദ്രാസ് ഹൈക്കോടതി ജഡ്ജി എം എം സുന്ദരേഷ്, തെലങ്കാന ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബേല ത്രിവേദി, മുതിർന്ന അഭിഭാഷകൻ പി എസ് നരസിംഹ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.