ഗ്യാൻവാപി സർവേ: സ്റ്റേ നാളെ വരെ നീട്ടി അലഹബാദ് ഹൈക്കോടതി; ഹർജിയിൽ നാളെ വീണ്ടും വാദം കേൾക്കും
സർവേ പള്ളിയുടെ നിലവിലുള്ള രൂപകൽപനയെ ഇല്ലാതെയാക്കുമെന്നാണ് മസ്ജിദ് കമ്മറ്റിയുടെ വാദം. എന്നാൽ പള്ളിയാണോ അതോ ക്ഷേത്രമാണോ എന്ന് കണ്ടെത്താനാണ് സർവേ എന്നാണ് ഹിന്ദു വിഭാഗത്തിന്‍റെ വാദം. ഇന്നലെ ഹൈക്കോടതി പ്രാഥമികവാദം കേട്ടിരുന്നു. സർവേയ്ക്ക് സുപ്രീം കോടതി നൽകിയ സ്റ്റേ ഇന്ന് വൈകുന്നേരം അവസാനിക്കാൻ ഇരിക്കെയുള്ള ഹൈക്കോടതി തീരുമാനം നിർണായകമാണ്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഗ്യാൻവാപ്പി പള്ളിയിൽ സർവേക്ക് ജില്ലാ കോടതി ഉത്തരവിട്ടത്. സർവേയുടെ റിപ്പോർട്ട് അടുത്തമാസം നാലിന് സമർപ്പിക്കാനും നിർദ്ദേശിച്ചു. ഇതിനെതിരെയാണ് പള്ളിക്കമ്മറ്റി സുപ്രീം കോടതിയിൽ എത്തിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹർജി പരാമർശിച്ചു. തുടർന്ന് അടിയന്തരവാദം കേൾക്കുകയായിരുന്നു.
അപ്പീലിന് പോകാൻ സമയം നൽകാതെയാണ് നടപടിയെന്നും രാവിലെ ഏഴ് മണിക്ക് സർവേ തുടങ്ങിയെന്നും പള്ളി കമ്മറ്റിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന് സ്റ്റേ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ബുധനാഴ്ച്ച വൈകുന്നേരം അഞ്ച് മണി വരെ സർവേ കോടതി തടയുകയായിരുന്നു. ഇതിനുള്ളിൽ ജില്ലാ കോടതി ഉത്തരവിന് എതിരെ പള്ളി കമ്മറ്റിക്ക് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതി ഉടനടി അപ്പീലിൽ തീരുമാനം എടുക്കണം എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിക്കുകയായിരുന്നു.