Sunday, January 5, 2025
National

‘പങ്കാളിക്ക് ലൈംഗികബന്ധം നിരസിക്കുന്നത് മാനസിക പീഡനത്തിന് തുല്യം’: അലഹബാദ് ഹൈക്കോടതി

മതിയായ കാരണമില്ലാതെ പങ്കാളിയെ ദീർഘകാലം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ അനുവദിക്കാത്തത് മാനസിക പീഡനത്തിന് തുല്യമാണെന്ന് അലഹബാദ് ഹൈക്കോടതി. വാരാണസി സ്വദേശി നൽകിയ വിവാഹമോചന ഹർജിയിലാണ് കോടതി നിരീക്ഷണം. അതേസമയം, ഹർജിക്കാരന് കോടതി വിവാഹമോചനം അനുവദിച്ചു.

2005 നവംബർ 28 ന് വിവാഹമോചന ഹർജി തള്ളിയ കുടുംബ കോടതിയുടെ ഉത്തരവിനെതിരെയാണ് ഹർജിക്കാരൻ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. കുടുംബപരവും ദാമ്പത്യപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഭാര്യക്ക് സാധിച്ചില്ല. ഭാര്യയുടെ മാനസിക പീഡനം മൂലമാണ് ഭർത്താവ് വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സുനീത് കുമാറും രാജേന്ദ്ര കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.

1979 മെയ് മാസത്തിലായിരുന്നു വിവാഹം.ദിവസങ്ങൾ കഴിയുന്തോറും ഭാര്യയുടെ സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങി. പിന്നീട് ഭാര്യ മാതാപിതാക്കളുടെ വീട്ടിലേക്ക് തിരിച്ചുപോകുകയും ചെയ്തു. മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന ഭാര്യയെ വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് ഭർത്താവ് പറയുന്നു. 1994 ജൂലൈയിൽ ഗ്രാമത്തിൽ ഒരു പഞ്ചായത്ത് നടക്കുകയും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടുകയും ചെയ്തു.

ഭാര്യക്ക് 22,000 രൂപ ജീവനാംശം നൽകിയെന്നാണ് ഹർജിക്കാരന്റെ വാദം. 2005ലാണ് ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് വാരണാസി കുടുംബ കോടതിയിൽ ഹർജി സമർപ്പിച്ചത്. മാനസിക പീഡനം ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂട്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ ഭാര്യ കോടതിയിൽ ഹാജരായില്ല. തുടർന്ന് വാരണാസി കുടുംബ കോടതിയിലെ പ്രിൻസിപ്പൽ ജഡ്ജി വിവാഹമോചന ഹർജി തള്ളി. ഇതോടെയാണ് ഭർത്താവ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *