സന്ന്യാസിയാണെന്ന ഭര്‍ത്താവിന്റെ വാദമുള്‍പ്പെടെ തള്ളി; സ്ത്രീകള്‍ക്ക് വിവാഹം പ്രധാനപ്പെട്ടതെന്ന് സുപ്രിംകോടതി; വിവാഹമോചനം റദ്ദാക്കി
ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് വിവാഹം വളരെ പ്രധാനപ്പെട്ടതാണെന്ന നിരീക്ഷണവുമായി സുപ്രിംകോടതി. ലിവിങ് ബന്ധങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിവാഹം സ്ത്രീകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടെന്ന് കോടതി പറഞ്ഞു. സ്ത്രീകള്‍ക്ക് വിവാഹം ഇത്ര പ്രധാനമാണെന്നിരിക്കെ പിണങ്ങിപ്പോയി എന്ന പേരില്‍ വിവാഹമോചനം അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ദീര്‍ഘകാലമായി പിരിഞ്ഞ് കഴിയുന്ന ഭര്‍ത്താവിനോട് വീണ്ടും ഒന്നുചേരണമെന്ന ആവശ്യവുമായി മധ്യപ്രദേശ് സ്വദേശിയായ സ്ത്രീ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ വാക്കാലെയുള്ള പരാമര്‍ശങ്ങള്‍.
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
ഭര്‍ത്താവിന്റെ പരാതിയില്‍ വിവാഹമോചനം അനുവദിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധി സുപ്രിംകോതി അസാധുവാക്കി. 18 വര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുന്നു എന്നത് തെറ്റായ വിവാഹമോചനം അസാധുവാക്കാന്‍ തടസമല്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഭാര്യയില്‍ നിന്നും ഭര്‍ത്താവിന് യാതൊരു വിധത്തിലുള്ള ദ്രോഹവും നേരിടേണ്ടി വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ വീണ്ടും ഒരുമിച്ച് താമസിക്കാമെന്നും കോടതി പറഞ്ഞു.
താന്‍ ഇപ്പോള്‍ സന്ന്യാസിയാണെന്ന വാദവും കോടതിയില്‍ ഭര്‍ത്താവ് ഉയര്‍ത്തി. എന്നാല്‍ ഇഹലോകസംബന്ധിയായ സകലതും ഉപേക്ഷിച്ച ആള്‍ക്ക് ഭാര്യ ഒപ്പം താമസിച്ചാലും ഇല്ലെങ്കിലും വ്യത്യാസമൊന്നുമില്ലല്ലോ എന്ന വാദം ഭാര്യ ഉയര്‍ത്തി. ഇതോടെ ഭര്‍ത്താവിന്റെ ഈ വാദവും കോടതി തള്ളി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.