ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; 10 പൊലീസുകാർ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 10 പോലീസുകാർ കൊല്ലപ്പെട്ടു. പൊലീസ് വാഹനത്തിന്റെ ഡ്രൈവറും മരിച്ചവരിൽ ഉൾപ്പെടുന്നു. ദണ്ടേവാഡയിലെ ആരൻപൂർ വനമേഖലയിലാണ് ഭീകരാക്രമണമുണ്ടായത്. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് ഉദ്യോഗസ്ഥരെയാണ് മാവോയിസ്റ്റുകൾ ആക്രമിച്ചത്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമാണ് ബസ്തറിലെ ദണ്ടേവാഡ.
കുഴി ബോംബ് ഉപയോഗിച്ചായിരുന്നു ആക്രമണം. നക്സൽ വിരുദ്ധ ഓപ്പറേഷന് നിയോഗിച്ച സംഘത്തിന് നേരെയാണ് അപ്രതീക്ഷിത ആക്രമണം നടത്തിയത്. വളരെ ദുഃഖകരമായ സാഹചര്യമാണിതെന്ന് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ പ്രതികരിച്ചു. പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലാണെന്നും മാവോയിസ്റ്റുകളെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.