Wednesday, April 16, 2025
Kerala

കേരളത്തിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമ; നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

കേരളത്തിലെ ഏറ്റവും ഉയരമുള്ള ആഞ്ജനേയ പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. തൃശൂർ പൂരത്തിന് ആശംസ നേർന്നാണ് പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗം തുടങ്ങിയത്.

തൃശൂരിന്റെ കലാസാംസ്കാരിക പാരമ്പര്യം ശ്രദ്ധേയമാണെന്നും പൗരാണിക കാലത്തിന്റെ തനിമ അണിഞ്ഞുനിൽക്കുന്ന സീതാരാമസ്വാമി ക്ഷേത്രം കാണുമ്പോൾ ഏറെ ആഹ്ലാദം തോന്നുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായാണ് തൃശൂർ അറിയപ്പെടുന്നതെന്നും സംസ്കാരം ഉണ്ടായാൽ അവിടെ പാരമ്പര്യവും ആത്മീയതയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ 12 കോടി രൂപ ചെലവിൽ മൂന്ന് ശ്രീകോവിലുകൾ സ്വർണം പൊതിഞ്ഞിരുന്നു. 24 കാരറ്റ് സ്വർണമാണ് ഇതിനായി ഉപയോഗിച്ചത്. പുതുക്കിയ സമർപ്പണവും പ്രധാനമന്ത്രി നിർവഹിച്ചു.

55 അടി ഉയരമുള്ള പ്രതിമയാണ് പ്രധാനമന്ത്രി ഭക്തര്‍ക്കായി സമര്‍പ്പിച്ചത്. ആന്ധ്രാപ്രദേശിലെ അല്ലഗഡയില്‍ നിര്‍മ്മിച്ച കൂറ്റന്‍ ആഞ്ജനേയ പ്രതിമ ഏപ്രില്‍ 11 നാണ് പൊന്‍കുന്നത്തെ സീതാരാമസ്വാമി ക്ഷേത്രത്തില്‍ സ്ഥാപിച്ചത്. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഹനുമാന്‍ പ്രതിമയുടെ വിര്‍ച്ച്വല്‍ ഉദ്ഘാടനം തുടര്‍ന്ന് പ്രതിമയില്‍ ലേസര്‍ ഷോ പ്രദര്‍ശിപ്പിച്ചു.

രാമായണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഹനുമാന്‍ ചാലിസയുടെ അകമ്പടിയോടെയാണ് പ്രദര്‍ശിപ്പിച്ചത്. ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ, കല്യാണ്‍ സില്‍ക്സ് ചെയര്‍മാന്‍ പട്ടാഭിരാമന്‍, മാനേജിങ് ട്രസ്റ്റി ടി എസ് കല്യാണ രാമന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കു ചേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *