തുനിഷ ശർമയുടെ മരണം; നടൻ ഷീസാൻ ഖാനെ നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു
നടി തുനിഷ ശർമ ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ നടൻ ഷീസാൻ ഖാനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തുനിഷയുമായി ഷീസാൻ അടുപ്പത്തിലായിരുന്നു എന്നാണ് എഫ്ഐആർ.
ബന്ധം തകർന്നതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് വാലിവ് പൊലീസ് ഷീസൻ മുഹമ്മദ് ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നടി തുനിഷ ശർമ്മ കഴിഞ്ഞ ദിവസമാണ് ടിവി സെറ്റിൽ തൂങ്ങി ആത്മഹത്യ ചെയ്തത്. മൃതദേഹം ഇന്ന് വൈകിട്ട് സംസ്കരിക്കും.
സെറ്റിലെ മേക്കപ്പ് റൂമിലെ ശുചിമുറിയില്‍ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ പോയ 20 കാരി നടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയിരുന്നില്ല. വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് തുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സെറ്റിലുണ്ടായിരുന്നവര്‍ ഉടന്‍ തുനിഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.