ഫിഷറീസ് സർവകലാശാല വിസി നിയമനം : ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
ദില്ലി : കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കുഫോസ് വിസി തെരഞ്ഞെടുപ്പിന് യുജിസി ചട്ടങ്ങള്‍ ബാധകമല്ലെന്നും,സംസ്ഥാന നിയമസഭ പാസാക്കിയ നിയമമാണ് പ്രധാനമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ട് പ്രകാരം കാര്‍ഷിക വിദ്യാഭ്യാസവും, ഗവേഷണവും സംസ്ഥാന വിഷയമാണ്.അതിനാല്‍ ഫിഷറീസ് സര്‍വകാലാശാലക്ക് യുജിസി ചട്ടം ബാധകമെല്ലെന്നാണ് വാദം. 2010 ല്‍ സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിലും കുഫോസ് വിസി നിയമനത്തെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഒരു നിയമവും പാര്‍ലമെന്‍റ് പാസാക്കിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുന്‍ വിസി ഡോ റിജി ജോണ്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചിരിക്കുകയാണ്. ഹര്‍ജി ജനുവരിയില്‍ പരിഗണിക്കാനിരിക്കേയാണ് സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. മുന്‍ അറ്റോര്‍ണ്ണി ജനറല്‍ കെ കെ വേണുഗോപാലിന്‍റെ നിയമോപദേശ പ്രകാരമാണ് സര്‍ക്കാര്‍ നീക്കം.
കുഫോസ് വി സി ആയി ഡോ.കെ.റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ആരോപിച്ചാണ് നേരത്തെ ഹൈക്കോടതിയിൽ ഹര്‍ജിയെത്തിയത്. വിസി നിയമന പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ.കെ. വിജയനാണ് ഹർജി നൽകിയത്. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യതയില്ലെന്നായിരുന്നു ഡോ.കെ കെ വിജയൻ നൽകിയ ഹര്‍ജിയിലെ പ്രധാന വാദം.