ആനന്ദ് തെൽതുംബഡെ ജയിലിന് പുറത്തേക്ക്; എൻഐഎയ്ക്ക് തിരിച്ചടി, ഹൈക്കോടതി വിധിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി
ദില്ലി: ഭിമ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ഐഐടി പ്രൊഫസർ ആനന്ദ് തെൽതുംബഡെ ജയിലിൽ നിന്ന് പുറത്തിറങ്ങും. ഇദ്ദേഹത്തിന് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ഹർജി സുപ്രീം കോടതി തള്ളി. ജാമ്യം നൽകിയ ഹൈക്കോടതി നടപടിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ചാണ് ഈ നിലപാടെടുത്തത്. ഇതോടെ ആനന്ദ് തെൽതുംബഡെയ്ക്ക് ജയിലിൽ നിന്ന് ഉടനെ പുറത്തിറങ്ങാനാവും.
ഇദ്ദേഹത്തിന് ബോംബെ ഹൈക്കോടതിയാണ് നേരത്തെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എഎസ് ഖഡ്കരി, മിലിന്ദ് ജാദവ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസിൽ ആനന്ദ് തെൽതുംബഡെയ്ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. സുപ്രീം കോടതിയെ സമീപിക്കുന്നതിന് എൻഐഎയുടെ അഭ്യർത്ഥന മാനിച്ചാണ് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. സുപ്രീം കോടതി ജാമ്യം നൽകിയതിൽ ഇടപെടില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ആനന്ദ് പുറത്തിറങ്ങുന്നത്.
ഭിമ കൊറേഗാവ് സംഭവത്തിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തു, ഗൂഢാലോചനയിൽ ഭാഗമായി തുടങ്ങി, എൻഐഎ ആനന്ദ് തെൽതുംബഡെയ്ക്ക് എതിരെ ചുമത്തിയ കുറ്റങ്ങൾ പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കേസിൽ ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് ജാമ്യം അനുവദിച്ചത്. നിരോധിത സംഘടനയെ പിന്തുണച്ചുവെന്ന കുറ്റം മാത്രമേ ആനന്ദ് തെൽതുംബഡെയ്ക്ക് എതിരെ നിലനിൽക്കൂവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഐഐടി പ്രൊഫസറും ദളിത് സ്കോളറുമായ ആനന്ദ് തെൽതുംബഡയെ 2020 ഏപ്രിൽ 14 നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. എൽഗാർ പരിഷത്ത് സമ്മേളനത്തിന്റെ കൺവീനർ ആയിരുന്നു ആനന്ദ്.