Thursday, April 10, 2025
National

അരവിന്ദ് കെജ്‌രിവാളിനെ കൊല്ലാൻ ബിജെപി ഗൂഢാലോചന നടത്തുന്നു; ആരോപണവുമായി ആം ആദ്മി

ഗുജറാത്ത് നിയമസഭയിലേക്കും ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ദയനീയ പരാജയം ഭയന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കൊലപ്പെടുത്താൻ ബി ജെ പി ഗൂഢാലോചന നടത്തുകയാണെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ രംഗത്തെത്തി. ഗൂഢാലോചനയിൽ ബി ജെ പി നേതാവും എം പിയുമായ മനോജ് തിവാരിക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

‘ഗുജറാത്ത് തിരഞ്ഞെടുപ്പിലും എം സി ഡി തിരഞ്ഞെടുപ്പിലും പരാജയം ഭയന്ന് ബിജെപി അരവിന്ദ് കേജ്‌രിവാളിനെ കൊല്ലാൻ ഗൂഢാലോചന നടത്തുകയാണ്. ബി ജെ പി എംപി മനോജ് തിവാരി തന്റെ ഗുണ്ടകളോട് അരവിന്ദ് കേജ്‌രിവാളിനെ ആക്രമിക്കാൻ പരസ്യമായി ആവശ്യപ്പെടുന്നു, അവർ അത് പൂർണ്ണമായും ആസൂത്രണം ചെയ്തിട്ടുണ്ട്. അവരുടെ വിലകുറഞ്ഞ രാഷ്ട്രീയത്തെ ഞങ്ങൾ ഭയപ്പെടുന്നില്ല. ഇപ്പോൾ അവരുടെ ഗുണ്ടായിസത്തിന് ജനങ്ങൾ ഉത്തരം നൽകും’- മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. എന്നാൽ മനീഷ് സിസോദിയുടെ പരാമർശത്തോട് ബി ജെ പി പ്രതികരിച്ചിട്ടില്ല.

അതേസമയം മനോജ് തിവാരിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും ആം ആദ്മി ആവശ്യപ്പെട്ടു. പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും ആം ആദ്മി പാർട്ടി പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *