Thursday, January 9, 2025
National

തെരുവ് നായ്ക്കള്‍ക്ക് ആഹാരം കൊടുക്കണമെന്നുള്ളവര്‍ അവയെ ദത്തെടുത്തോളൂ; ബോംബെ ഹൈക്കോടതി

തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന വിഷയത്തില്‍ ഉത്തരവുമായി ബോംബെ ഹൈക്കോടതി. റോഡിലും തെരുവോരങ്ങളിലും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായകളെ പരിപാലിക്കാനും ഭക്ഷണം കൊടുക്കാനും ആഗ്രഹിക്കുന്നവര്‍ ആദ്യം അവയെ ഔദ്യോഗികമായി ദത്തെടുക്കണമെന്നും പരിപാലനം വീടിനുള്ളില്‍ മാത്രമാകണമെന്നും ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.

‘നായകളെ പരിപാലിക്കണമെന്നോ ഭക്ഷണം കൊടുക്കണമെന്നോ ആഗ്രഹിക്കുന്നവര്‍ അത് ചെയ്യേണ്ടത് റോഡിലല്ല. അങ്ങനെ പരിപാലിക്കണമെന്നുണ്ടെങ്കില്‍ ആദ്യം അവയെ ദത്തെടുത്ത് സ്വന്തമാക്കണം. അതിന് ശേഷം വീടിനുള്ളില്‍ കൊണ്ടുപോയി പരിപാലിക്കാം. ഭക്ഷണം നല്‍കാം. നാഗ്പൂരിലും പരിസര പ്രദേശങ്ങളില്‍ എവിടെയും നായകള്‍ക്ക് റോഡില്‍ വച്ച് ഭക്ഷണം കൊടുക്കരുത്. യഥാര്‍ത്ഥ ജീവകാരുണ്യ പ്രവര്‍ത്തനം കേവലം ഭക്ഷണം കൊടുക്കുന്നതിലല്ല, മറിച്ച് പാവപ്പെട്ട ജീവികളെ സ്വയം രക്ഷപ്പെടുത്തുന്നതിലാണ്’. കോടതി ഉത്തരവില്‍ പറഞ്ഞു.

പൊതുസ്ഥലത്ത് നായ്ക്കളെ മേയിക്കുന്നവരില്‍ നിന്ന് 200 രൂപയില്‍ കൂടുതല്‍ പിഴ ഈടാക്കാന്‍ നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ക്ക് ബെഞ്ച് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കി. അലഞ്ഞുനടക്കുന്ന നായ്ക്കളുടെ വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റായ വിജയ് തലേവാര്‍, അഭിഭാഷകന്‍ ഫിര്‍ദോസ് മിര്‍സ മുഖേന 2006ല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ ഉത്തരവ്. ജസ്റ്റിസുമാരായ സുനില്‍ ഷുക്രെ, അനില്‍ പന്‍സാരെ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *