അമേഠിയില്‍ കളി തുടര്‍ന്ന് വദ്ര: കുടുംബ പ്രശ്നമെന്ന് പോലും അഭ്യൂഹം, കോൺഗ്രസിന് മൗനം; പരിഹസിച്ച് സ്‌മൃതി ഇറാനി
ദില്ലി: അമേഠിയില്‍ കളി തുടര്‍ന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്ലക്സുകളും പോസ്റ്ററുകളുമൊക്ക അമേഠിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് മിണ്ടാതിരിക്കുമ്പോള്‍, ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ ഉന്നമിട്ട് പരിഹാസം തുടരുകയാണ്. അമേത്തി കി ജന്‍താ കരേ പുകാര്‍, റോബര്‍ട്ട് വദ്ര അബ് കി ബാര്‍- എന്നുവച്ചാല് അമേഠിയിലെ ജനങ്ങള്‍ ഇക്കുറി വദ്ര വരണമെന്ന് ആഗ്രഹിക്കുന്നു- അമേഠിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലെയും ഫ്ലക്സുകളിലെയും വാചകം ഇതായിരുന്നു
റോബര്‍ട്ട് വദ്രയുടെ സ്വന്തം സംഘമാണ് പോസ്റ്ററുകളും ഫ്ലക്സുകളും വച്ചത്. കോണ്‍ഗ്രസ് നേതാക്കൾ ഇടപെട്ട് പിന്നീട് ഈ പോസ്റ്ററുകള്‍ നീക്കം ചെയ്തു. അമേഠിയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കോണ്‍ഗ്രസ് വൈകിപ്പിക്കും തോറും വദ്രയുടെ കളികള്‍ തുടരുകയാണ്. മത്സരിക്കാന്‍ പല കുറി പരസ്യമായി സന്നദ്ധത അറിയിച്ച വദ്ര, ഗാന്ധി കുടുംബാംഗങ്ങള്‍ക്ക് മത്സരിക്കാമെങ്കില്‍, പാര്‍ലമെന്‍റിലേക്ക് പോകാമെങ്കില്‍, തനിക്ക് അയോഗ്യത എന്താണെന്നും ചോദിക്കുന്നു. എന്നാല്‍ വദ്രയുടെ മോഹത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.
വദ്രയെ ഇറക്കിയാല്‍ പണി പാളുമെന്ന് വിലയിരുത്തലാണ് കോൺഗ്രസിന്റെ മൗനത്തിന് കാരണം. കുടുംബാധിപത്യം, വദ്രക്കെതിരായ കേസുകള്‍ ഇതൊക്കെ തെരഞ്ഞെടുപ്പിൽ ബിജെപി ആയുധമാക്കുമെന്ന് ഉറപ്പാണ്. വദ്രയുടെ നീക്കത്തില്‍ സോണിയഗാന്ധിക്കും, രാഹുലിനുമൊക്കെ കടുത്ത അതൃപ്തിയുണ്ട്. പ്രിയങ്ക ഗാന്ധിയും പ്രതിരോധത്തിലായി. മറ്റ് നേതാക്കള്‍ക്കും അതൃപ്തിയുണ്ടെങ്കിലും ഗാന്ധി കുടുംബത്തെ പേടിച്ച് ആരും മിണ്ടുന്നില്ല. വദ്ര ഇങ്ങനെ കളിക്കുന്നതിന് പിന്നില്‍ കുടുംബ പ്രശ്നമാണെന്ന് പോലും അഭ്യൂഹങ്ങളുണ്ട്. ഭൂമി ഇടപാടുകളിലടക്കം കേസുകള്‍ നേരിടുന്ന വദ്ര, കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നത് ബിജെപിയെ സന്തോഷിപ്പിക്കാനാണെന്നും ചിലര്‍ പറയുന്നു.
കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം അമേഠിയിലെ സ്ഥാനാര്‍ത്ഥിയെ കോൺഗ്രസ് പ്രഖ്യാപിക്കും. അടുത്ത മാസം 20നാണ് തെരഞ്ഞെടുപ്പ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് രാഹുല്‍ ഗാന്ധി നയം വ്യക്തമാക്കി കഴിഞ്ഞു അളിയന്‍ നോട്ടമിട്ടതിനാല്‍ രാഹുല്‍ വെട്ടിലായെന്നും, മറ്റാരും കൊണ്ടു പോകാതിരിക്കാന്‍ ബസിലെ സീറ്റില്‍ ചിലര്‍ തൂവാല ഇട്ടിട്ട് പോകുന്നത് പോലെയാണ് രാഹുല്‍ ഗാന്ധി അമേഠി സീറ്റിനെ കൈകാര്യം ചെയ്യുന്നതുമെന്നുമൊക്കെയാണ് ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി പരിഹാസം തുടരുന്നത്.