‘അമ്മയിൽ നിന്നുള്ള സ്നേഹം നിങ്ങളിലേക്കും പകരുന്നു’; സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുൽ ഗാന്ധി
അമ്മ സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുൽ ഗാന്ധി. ഡൽഹിയിലെത്തിയ ഭാരത് ജോഡോ യാത്രയിൽ സോണിയ ഗാന്ധിയും എത്തിയിരുന്നു. അമ്മയിൽ നിന്ന് കിട്ടിയ സ്നേഹം രാജ്യം മുഴുവൻ പകരുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ അമ്മക്കൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്.
ഡൽഹിയിൽ നൂറുകണക്കിന് ആളുകളാണ് യാത്രയിൽ പങ്കാളിയായത്. ഒമ്പതുദിവസത്തെ ഇടവേളക്കു ശേഷം ഇനി ജനുവരി മൂന്നിനാണ് യാത്ര ഡൽഹിയിൽ പുനരാരംഭിക്കുക. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെങ്കിൽ യാത്ര നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാൻഡവ്യ രാഹുലിന് കത്തയച്ചിരുന്നു. ഇതിനെതിരെ നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു.
പ്രധാനമന്ത്രിയടക്കം പരിപാടികളില്‍ പങ്കെടുക്കുന്നത് ചൂണ്ടിക്കാട്ടി എന്ത് കൊണ്ട് ജോഡോ യാത്ര സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്.പൊതുവായ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിക്കും. യാത്രക്ക് മാത്രമായി മാനദണ്ഡങ്ങള്‍ കടുപ്പിച്ചാല്‍ അംഗീകരിക്കില്ലെന്ന സൂചന കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ തന്നെ നല്‍കിയിരുന്നു.