Monday, January 6, 2025
National

ഭാര്യ കൂട്ടബലാത്സംഗത്തിനിരയായി, യുപിയിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

ഭാര്യ കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണ് സംഭവം. ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഭൂമി വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് ബലാത്സംഗത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. സംഭവത്തിൽ എഫ്‌ഐആർ ഫയൽ ചെയ്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സെപ്തംബർ 20, 21 തീയതികളിൽ രണ്ട് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. 30 കാരനായ യുവാവും 27 കാരിയായ ഭാര്യയും വ്യാഴാഴ്ചയാണ് വിഷം കഴിച്ചത്. ഭർത്താവ് അന്ന് തന്നെ മരണപ്പെട്ടു. ഗോരഖ്പൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. ആത്മഹത്യക്ക് മുമ്പ്, പ്രതികളുടെ പേരുകൾ പറയുന്ന ഒരു വീഡിയോ ദമ്പതികൾ റെക്കോർഡ് ചെയ്തതായി ബസ്തി എസ്പി ഗോപാൽ കൃഷണ പറഞ്ഞു.

എട്ടും ആറും വയസുള്ള രണ്ട് ആൺമക്കളും ഒരു വയസുള്ള മകളുമുൾപ്പെടെ ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോകാനൊരുങ്ങുമ്പോൾ, വിഷം കഴിച്ച് മരിക്കാൻ പോകുകയാണെന്ന് രക്ഷിതാക്കൾ പറഞ്ഞതായി മക്കൾ പൊലീസിനോട് പറഞ്ഞു. മരിച്ചയാളുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുപേർക്കെതിരെ 376 ഡി (കൂട്ടബലാത്സംഗം), 306 (ആത്മഹത്യ പ്രേരണ) എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തതായി എസ്പി അറിയിച്ചു. പ്രതികളായ ആദർശ് (25), ത്രിലോകി (45) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *