മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് അമിത് ഷാ; പ്രധാനമന്ത്രി സംസാരിക്കുന്നതുവരെ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം
മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചെങ്കിലും കെട്ടടങ്ങാതെ പാര്‍ലമെന്റിലെ പ്രതിപക്ഷ ബഹളം. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയും വരെ വിമര്‍ശനങ്ങള്‍ തുടരും എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും പ്രതിപക്ഷം സഭ തുടര്‍ച്ചയായി തടസപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. രാജ്യസഭയില്‍ അച്ചടക്ക ലംഘനത്തിന് ആം ആദ്മി അംഗം സഞ്ജയ് സിംഗിനെ സഭയുടെ ശേഷിച്ച സമ്മേളന ദിവസ്സങ്ങളില്‍ നിന്ന് ചെയര്‍മാന്‍ സസ് പെന്‍ഡ് ചെയ്തു. ഗ്യാന്‍ വ്യാപി വിഷയത്തില്‍ മുസ്ലിം ലീഗ് ഇരു സഭകളിലും നല്കിയ അടിയന്തിര പ്രമേയ ആവശ്യവും അംഗീകരിച്ചില്ല.
ഉച്ചയ്ക്ക് 2 മണിയ്ക്ക് സഭ ചേര്‍ന്നപ്പോഴാണ് ആഭ്യന്തരമന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പ്രധാനമന്ത്രി മറുപടി പറയണം എന്ന ആവശ്യത്തില്‍ നിന്ന് പ്രതിപക്ഷം പിന്‍ വാങ്ങിയില്ല. സഭാ നടപടികള്‍ ബഹളത്തില്‍ കലാശിച്ചു. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന കേന്ദ്രസര്‍ക്കാര്‍ പ്രമേയം അംഗികരിച്ചായിരുന്നു രാജ്യസഭയില്‍ സഞ്ജയ് സിംഗിനെതിരായ ചെയര്‍മാന്റെ നടപടി. മണിപ്പൂര്‍ വിഷയത്തില്‍ രണ്ടാം തവണ സഭ ചേര്‍ന്നപ്പോഴായിരുന്നു സസ്‌പെന്‍ഷന്‍ പ്രഖ്യാപനം.
വര്‍ഷകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും പാര്‍ലമെന്റ് നടകീയ രംഗങ്ങള്‍ക്ക് ആണ് സാക്ഷ്യം വഹിച്ചത്. സഭാ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പേ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഭരണ – പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ആരംഭിച്ചിരുന്നു. പശ്ചിമ ബംഗാള്‍- രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങള്‍ ആയിരുന്നു ഭരണ പക്ഷത്തിന്റെ വിഷയം. പ്രതിപക്ഷമാകട്ടെ മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്താണ് പ്രതിഷേധിച്ചത്. ഗ്യാന്‍ വ്യാപി വിഷയത്തില്‍ മുസ്ലിം ലീഗ് ഇരു സഭകളിലും നല്കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി ലഭിച്ചില്ല.