തമിഴ്‌നാട്ടില്‍ നിന്ന് കല്ല് കൊണ്ടുവരുന്നതില്‍ നിയന്ത്രണം; വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പ്രതിസന്ധി
വിഴിഞ്ഞം തുറമുഖ നിര്‍മാണം പ്രതിസന്ധിയിലെന്ന് അദാനി ഗ്രൂപ്പ്. കല്ല് കൊണ്ടു വരുന്ന വാഹനങ്ങള്‍ക്ക് തമിഴ്‌നാട് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. അടുത്ത ബുധനാഴ്ച നടക്കുന്ന അവലോകന യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
മണ്‍സൂണ്‍ കഴിയുമ്പോള്‍ ആവശ്യമായി വരുന്ന കല്ല് പരമാവധി ശേഖരിക്കുകയാണ് അദാനി ഗ്രൂപ്പ് ചെയ്തിരിക്കുന്നത്. ഇത് തമിഴ്‌നാട്ടില്‍ നിന്നാണ് കൊണ്ടുവരുന്നത്. എന്നാല്‍ ഇങ്ങനെ വരുന്ന വാഹനങ്ങള്‍ക്കും സഞ്ചരിക്കുന്ന പാതകള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് വെല്ലുവിളിയായിരിക്കുന്നത്.
ഇത് നിര്‍മാണ വേഗത കുറക്കുമെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ തല ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിമാസ അവലോകന യോഗത്തില്‍ വിഷയം ഉന്നയിക്കുകയും അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെടും. തുറമുഖ വകുപ്പ് പരിഹരിക്കാനുള്ള നീക്കം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.