കോണ്‍ഗ്രസില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് തുടക്കമാകുന്ന കോഴിക്കോട് ചിന്തന്‍ ശിബിര പ്രഖ്യാപനം ഇന്ന്
കോണ്‍ഗ്രസില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് തുടക്കമാകുന്ന കോഴിക്കോട് പ്രഖ്യാപനം ഇന്ന്. ബിജെപിയെയും സിപിഐഎമ്മിനെയും ഒരുപോലെ എതിര്‍ത്ത് ന്യൂനപക്ഷ വോട്ടുകള്‍ ഒപ്പം നിറുത്തണമെന്ന് ചിന്തന്‍ ശിബിരത്തില്‍ നിര്‍ദേശമുയര്‍ന്നു. സംഘടനാ തെരഞ്ഞെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിനിടയില്‍ ചിന്തന്‍ ശിബിരത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്ന മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് ജില്ലയില്‍ തന്നെ നടക്കുന്ന ഐഎന്‍ടിയുസി പരിപാടിയില്‍ പങ്കെടുക്കും.
മതേതര കാഴ്ചപ്പാട് ഉയര്‍ത്തി പിടിച്ച് ബിജെപിയേയും സിപിഐഎമ്മിനെയും എതിര്‍ക്കണമെന്നാണ് ചിന്തന്‍ ശിബിരത്തിലുയര്‍ന്ന പ്രധാന ആവശ്യം. നഷ്ടമായ ന്യൂനപക്ഷ വോട്ടുകള്‍ തിരികെ പിടിക്കാന്‍ ഈ നയം സഹായിക്കും. ആദിവാസി ദളിത് മേഖലയില്‍ ബിജെപി തന്ത്രപരമായി കടന്നു കയറുന്നത് ചെറുക്കണം. തീരദേശ മേഖലയില്‍ ശക്തി തിരിച്ചുപിടിക്കണമെന്നും നിര്‍ദേശമുണ്ട്. പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കി മുന്നോട്ട് പോകാന്‍ ബൂത്തുതലം മുതല്‍ കെപിസിസി വരെ പുനസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കണം. കെഎസ്‌യുവില്‍ വനിതാ വിഭാഗം വേണമെന്നും നിര്‍ദേശമുണ്ട്.
സംഘടന, രാഷ്ട്രീയം, സാമ്പത്തികം, ഔട്ട്‌റീച്ച്, മിഷന്‍ 24 എന്നീ അഞ്ച് വിഷയങ്ങളിലെ ചര്‍ച്ചയ്ക്കാണ് ചിന്തന്‍ ശിബിരം ഇന്നലെ വേദിയായത്. ഈ വിഷയങ്ങളില്‍ അഞ്ച് പാനലുകളായി തിരിഞ്ഞ് അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയുടെ കരട് രൂപം ഇന്ന് രാവിലെ അവതരിപ്പിക്കും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ തീരുമാനങ്ങള്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് അവതരിപ്പിക്കുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള സമാപന യോഗത്തില്‍ നിര്‍ണായകമായ കോഴിക്കോട് പ്രഖ്യാപനം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നടത്തും. ഇതിനിടയില്‍ ചിന്തന്‍ ശിബിരത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ പയ്യോളിയില്‍ നടക്കുന്ന ഐഎന്‍ടിയുസി പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്ത മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം.സുധീരനും എതിരെ വിമര്‍ശനം ഉയരുമോ എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഗ്രൂപ്പ് രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാന്‍ ചിന്തന്‍ ശിബിരത്തിന് കഴിയുമോ എന്നതും കണ്ടറിയണം.