മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി
കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യലിന് എത്തിയ മന്ത്രി കെ ടി ജലീലിൽ പുറത്തിറങ്ങി. നീണ്ട എട്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹം പുറത്ത് വരുന്നത്. രാവിലെ 6 മണിക്ക് സുഹൃത്തും മുൻ സിപിഎം എംഎൽഎയുമായ എ എം യൂസഫിന്റെ വാഹനത്തിലാണ് മന്ത്രി എൻഐഎ ഓഫീസിൽ എത്തിയത്. രാത്രി തന്നെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സ്വന്തം ഔദ്യോഗികവാഹനത്തിൽ അദ്ദേഹം പുറപ്പെട്ടിരുന്നു.
അതേസമയം കെ ടി ജലീൽ തിരുവനന്തപുരത്തേക്ക് മടങ്ങിയതായാണ് വിവരം. കളമശ്ശേരി ഗസ്റ്റ് ഹൗസിൽ വാഹനം എത്തിയപ്പോൾ മന്ത്രി വാഹനത്തിൽ ഉണ്ടായിരുന്നില്ല. അദ്ദേഹം പാതിവഴിയിൽ ഇറങ്ങിയിരുന്നു. യാത്ര ഔദ്യോഗിക വാഹനത്തിൽ ആണോ എന്നതിൽ വ്യക്തത വന്നിട്ടില്ല. പ്രതിഷേധങ്ങൾ ഒഴിവാക്കാൻ സ്വകാര്യ വാഹനത്തിൽ മന്ത്രി യാത്ര ചെയ്യുന്നതായാണ് വിവരം.
സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിയെ എൻഐഎ ചോദ്യം ചെയ്യുന്നത് ഇതാദ്യമാണ്. യതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ ദേശീയ ഏജൻസി ചോദ്യം ചെയ്തത്. മന്ത്രി ആറ് മണിക്ക് തന്നെ എൻഐഎ ഓഫീസിൽ എത്തിയിരുന്നെങ്കിലും എട്ടേകാലോടെയാണ് എൻഐഎ ഉദ്യോഗസ്ഥരെത്തിയത്. ചോദ്യം ചെയ്യൽ ഓൺലൈനിലാക്കാൻ കഴിയുമോ എന്നും, രാത്രിയാക്കാമോ എന്നും, ചോദിച്ചെങ്കിലും കഴിയില്ലെന്ന മറുപടി നൽകിയതായാണ് സൂചന.