കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി മഹാരാഷ്ട്രയിൽ 136 പേർ മരിച്ചു; ഗോവയിൽ ട്രെയിൻ പാളം തെറ്റി
മഹാരാഷ്ട്രയിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 136 ആയി. ഇതിൽ 47 പേരും മരിച്ചത് റായ്ഗഢിലെ മണ്ണിടിച്ചിലിലാണ്. കോലാപൂർ, റായ്ഗഢ്, രത്‌നഗിരി, പാൽഘർ, താനെ, നാഗ്പൂർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം നിലനിൽക്കുകയാണ്.
സതാര ജില്ലയിൽ മാത്രം 27 പേർ മരിച്ചു. ഗോണ്ടിയ, ചന്ദ്രപൂർ എന്നിവിടങ്ങളിലും നിരവധി പേര് മരിച്ചിട്ടുണ്ട്. റായ്ഗഡിൽ മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് 70 പേരെ കാണാതായി. സതാരയിലെ നാല് ഗ്രാമങ്ങളിൽ വീടുകൾ വെള്ളത്തിനടിയിലായി. രത്‌നഗിരിയിലെ ചിപ്ലൂൺ കൊവിഡ് ആശുപത്രിയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ഓക്‌സിജൻ ലഭിക്കാതെ എട്ട് രോഗികൾ മരിച്ചു.
ഗോവയിൽ കനത്ത മഴയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ പാളം തെറ്റി. മംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് പോയ ട്രെയിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. യാത്രക്കാർ പരുക്കില്ല. ഇതുവഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. വണ്ടിയിലെ യാത്രക്കാരെ മറ്റൊരു ട്രെയിനിൽ മഡ്ഗാവിൽ എത്തിച്ചു.