എംപിയല്ല, പാസ്പോർട്ടിലും രാഹുലിന് പണി, പുതിയതിന് അപേക്ഷിച്ചു; വിദേശ യാത്ര തുലാസിൽ, തലവേദന ‘നാഷണൽ ഹെറാൾഡ്’
ദില്ലി: ലോക്സഭാ അംഗത്വം നഷ്ടമായത് രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകൾക്കും പണിയായി. മാർച്ച് മാസത്തിൽ എം പി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ ഡിപ്ലോമാറ്റിക് പാസ്പോർട്ടിന്‍റെ സാധുത നഷ്ടമായിരുന്നു. ഇതോടെ രാഹുൽ തന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നു. ഇതിന് പിന്നാലെ പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. സാധാരണ പാസ്പോർട്ട് ലഭിക്കാനാണ് രാഹുൽ അപേക്ഷ നൽകിയത്. എന്നാൽ അതിലും രാഹുലിന് പണി വരുന്നുണ്ടോ എന്നതാണ് കണ്ടറിയേണ്ടത്. നാഷണൽ ഹെറാൾഡ് കേസാണ് രാഹുലിന് ഇക്കാര്യത്തിലെ പ്രധാന തലവേദന. നാഷണൽ ഹെറാൾഡ് കേസിലെ പരാതിക്കാരനായ ബി ജെ പി നേതാവ് സുബ്രമണ്യൻ സ്വാമിയുടെ വാദങ്ങൾ കേൾക്കാൻ ദില്ലി റോസ് അവന്യൂ കോടതി തീരുമാനിച്ചിട്ടുണ്ട്.
അമേരിക്കൻ യാത്രക്ക് മുന്നോടിയായാണ് രാഹുൽ ഗാന്ധി പുതിയ പാസ്പോർട്ടിന് അപേക്ഷ നൽകിയത്. കേസുകൾ നിലനിൽക്കുന്നതിനാൽ എതിർപ്പ് അറിയിക്കരുതെന്ന് ആവശ്യപ്പെട്ട് ദില്ലി റോസ് അവന്യൂ കോടതിയെയും രാഹുൽ സമീപിച്ചു. സാധാരണ പാസ്‌പോർട്ട് ലഭിക്കാനായി ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ വേണമെന്ന ആവശ്യവുമായാണ് രാഹുൽ കോടതിയിലെത്തിയത്. ക്രിമിനൽ കേസുകളൊന്നും നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ എൻ ഒ സി അനുവദിക്കണമെന്നും വ്യക്തമാക്കി.
എന്നാൽ നാഷണൽ ഹെറാൾഡ് കേസ് കോടതിയുടെ ശ്രദ്ധയിൽ വന്നു. ഇതിന് പിന്നാലെ കേസിലെ പരാതിക്കാരനായ സുബ്രമണ്യൻ സ്വാമിക്ക് പറയാനുള്ളത് കേൾക്കാൻ കോടതി തീരുമാനിച്ചു. രാഹുലിന്‍റെ ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ അപേക്ഷയിൽ മറുപടി നൽകാൻ സുബ്രഹ്മണ്യ സ്വാമിക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സ്വാമിയുടെ വാദങ്ങൾ പ്രധാനമാകും. ഈ മാസം 26 ാം തിയതിയാണ് കോടതി വീണ്ടും കേസ് പരിഗണിക്കുക. അന്നേ ദിവസം സ്വാമി എതിർപ്പുമായി കോടതിയിലെത്തിയാൽ രാഹുലിന്‍റെ അമേരിക്കൻ യാത്ര നടക്കുമോയെന്ന് കണ്ടറിയണം.