Wednesday, January 8, 2025
National

സഹോദരിക്ക് വിവാഹ സമ്മാനമായി മോതിരവും ടിവിയും വാങ്ങി നൽകി; ഭർത്താവിനെ ഭാര്യയും സഹോദരങ്ങളും തല്ലിക്കൊന്നു

ബരാബങ്കി: സ്വന്തം സഹോദരിയുടെ വിവാഹത്തിന് സമ്മാനം വാങ്ങി നൽകിയതിന്‍റെ പേരിൽ ഭാര്യയും സഹോദരന്മാരും ചേർന്ന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബരാബങ്കി എന്ന ഗ്രാമത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. ചന്ദ്ര പ്രകാശ് മിശ്ര (35) എന്ന യുവാവിനെയാണ് ഭാര്യ ചാബിയും സഹോദരന്മാരും ചേര്‍ന്ന് അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം.

വരുന്ന ഏപ്രില്‍ 26നാണ് ചന്ദ്ര പ്രകാശിന്റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചത്. സഹോദരിയുടെ വിവാഹത്തിന് സ്വര്‍ണ്ണ മോതിരവും ടിവിയുമാണ് ചന്ദ്ര പ്രകാശ് സമ്മാനമായി നല്‍കിയത്. എന്നാല്‍, ഇവ നല്‍കുന്നതിനോട് ഭാര്യ ചാബിക്ക് ആദ്യമേ എതിര്‍പ്പായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സമ്മാനം വാങ്ങുന്നത് സംബന്ധിച്ച് ഇരുവരും തമ്മില്‍ നേരത്തെ പലതവണ വഴക്കിട്ടിരുന്നു. സ്വർണ മോതിരവും ടിവിയും വാങ്ങി കൊടുക്കേണ്ടെന്നും സഹോദരിക്ക് സമ്മാനമൊന്നും നൽകേണ്ടെന്നും ഭാര്യ ശാഠ്യം പിടിച്ചു.

എന്നാൽ ചന്ദ്ര പ്രകാശ് തന്‍റെ സഹോദരിക്ക് സമ്മാനം നൽകാനായി സ്വർണ മോതിരവും ടിവിയും വാങ്ങി. തന്‍റെ എതിര്‍പ്പ് അവഗണിച്ച് സമ്മാനം നല്‍കിയതിനെ തുടര്‍ന്ന് ഭാര്യ ഭർത്താവുമായി വഴക്കിട്ടു. തുടർന്ന് ഇവര്‍ തന്റെ സഹോദരങ്ങളെ വിളിച്ചു വരുത്തി. തുടര്‍ന്ന് ചാബിയും സഹാദരങ്ങളും ചേര്‍ന്ന് ചന്ദ്ര പ്രകാശിനെ ആക്രമിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വടികൊണ്ടും ഇഷ്ടിക കൊണ്ടും തലക്ക് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മര്‍ദ്ദനത്തില്‍ ഗുരുതരമായ പരിക്കേറ്റ ഇയാളെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെ ചന്ദ്ര പ്രകാശിന്‍റെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ ചാബിയും സഹോദരന്മാരും ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റാർക്കെങ്കിലും ആക്രമണത്തിൽ പങ്കുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *