അഖിലേഷ് യാദവ് മത്സരിക്കും; കനോജില്‍ തേജ് പ്രതാപ് യാദവിനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്
സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഉത്തര്‍പ്രദേശിലെ കനോജ് സീറ്റില്‍ നിന്നാണ് അഖിലേഷ് ജനവിധി തേടുക. നേരത്തെ കനോജില്‍ തേജ് പ്രതാപിന്റെ പേരാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. രാം ഗോപാല്‍ യാദവ് ആണ് അഖിലേഷിന്റെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചത്. അഖിലേഷ് ഇത്തവണ മത്സരിക്കില്ല എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.
അഖിലേഷ് നാളെ പത്രിക സമര്‍പ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ മുന്നണി ഇന്ത്യയുടെ ഭാവിയാകുമെന്നും ബിജെപി ഭൂതകാലമായി മാത്രം അവശേഷിക്കുമെന്നും രാം ഗോപാല്‍ യാദവ് പറഞ്ഞു. അഖിലേഷിലൂടെ കനോജില്‍ ചരിത്ര വിജയമുണ്ടാകുമെന്നും ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ രാം ഗോപാല്‍ യാദവ് പറഞ്ഞു.
കനോജില്‍ തേജ് പ്രതാപ് യാദവിനെ സ്ഥാനാര്‍ത്ഥിയായി സമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് രാം ഗോപാല്‍ യാദവിന്റെ പ്രസ്താവന. കനോജില്‍ തേജ് പ്രതാപിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടെന്ന് ഇന്നലെ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.