Sunday, April 13, 2025
National

‘ചൗക്കിദാർ ചോർ ഹേ’ മുതൽ ‘റേപ്പ് ഇൻ ഇന്ത്യ’ വരെ: രാഹുൽ ഗാന്ധിയുടെ 5 വിവാദ പരാമർശങ്ങൾ

ക്രിമിനൽ മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അംഗത്വം നഷ്ടപ്പെടുമോ ഇല്ലയോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ‘എല്ലാ കള്ളന്മാർക്കും മോദി എന്ന കുടുംബപ്പേര്’, 2019 ൽ നടത്തിയ ഈ പരാമർശത്തിൻ്റെ പേരിലാണ് രാഹുൽ നിയമ നടപടികൾ നേരിടുന്നത്. സൂറത്ത് വെസ്റ്റിൽ നിന്നുള്ള ബിജെപി എംഎൽഎയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദി നൽകിയ പരാതിയിൽ ഐപിസി 499, 500 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതാദ്യമായല്ല രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ വിവാദമാകുന്നത്. മുൻ കോൺഗ്രസ് മേധാവിയെ കുഴപ്പത്തിലാക്കിയ ചില സന്ദർഭങ്ങൾ നോക്കാം.

‘ചൗക്കിദാർ ചോർ ഹേ’:
റഫാൽ യുദ്ധവിമാന ഇടപാട് അഴിമതിയിൽ പ്രധാനമന്ത്രി മോദിയെ വിമർശിച്ചുകൊണ്ട് ‘ചൗക്കിദാർ ചോർ ഹേ (പിഎം മോദി കള്ളനാണെന്ന്) എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പിന്നീട് സുപ്രീം കോടതി ‘ചൗക്കിദാർ ചോർ ഹേ’ എന്ന രാഷ്ട്രീയ മുദ്രാവാക്യം തടഞ്ഞു. ശേഷവും പരാമർശം തുടർന്ന രാഹുലിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ബിജെപി എംപി മീനാക്ഷി ലേഖി സുപ്രീം കോടതിയെ സമീപിച്ചു. പിന്നീട് പരമോന്നത കോടതിയിൽ രാഹുൽ നിരുപാധികം മാപ്പ് പറയുകയായിരുന്നു.

രാഷ്ട്രീയ പ്രചാരണത്തിന്റെ ചൂടുപിടിച്ചാണ് താൻ പ്രസ്താവന നടത്തിയതെന്നും എതിരാളികൾ അത് ദുരുപയോഗം ചെയ്‌തുവെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. പിന്നീട് 2019-ൽ കോടതിയലക്ഷ്യ നടപടികൾ സുപ്രീം കോടതി റദ്ദാക്കി. ഒരു സുപ്രധാന രാഷ്ട്രീയ വ്യക്തിയായതിനാൽ ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സുപ്രീം കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

‘ആർഎസ്എസ് മഹാത്മാഗാന്ധിയെ കൊന്നു’:
2014 ൽ മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസാണെന്ന് കോൺഗ്രസ് നേതാവ് താനെയിലെ ഭിവണ്ടി ടൗൺഷിപ്പിൽ നടത്തിയ പ്രസംഗത്തിൽ ആരോപിച്ചിരുന്നു. തുടർന്ന് സംഘടനയുടെ പ്രതിച്ഛായ തകർക്കാൻ തെറ്റായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച്, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാദേശിക പ്രവർത്തകർ പൊലീസിൽ പരാതി നൽകി. പരാതിയിൽ രാഹുലിനെതിരെ കേസെടുത്തു. 2018 ൽ ഈ കേസിൽ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തിയെങ്കിലും, പിന്നീട് വെറുതെ വിട്ടു. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ താൻ ആർഎസ്‌എസിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് രാഹുൽ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.

‘റേപ്പ് ഇൻ ഇന്ത്യ’:
ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മേക്ക് ഇൻ ഇന്ത്യ’ എന്ന് പറഞ്ഞെങ്കിലും ഇന്ന് നമ്മൾ കാണുന്നത് ‘റേപ്പ് ഇൻ ഇന്ത്യ’ ആണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി മറ്റൊരു വിവാദത്തിന് തിരികൊളുത്തി. ‘ജാർഖണ്ഡിൽ സ്ത്രീകൾ ബലാത്സംഗത്തിനിരയാകുന്നു. ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ (കുൽദീപ് സെൻഗർ) ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലും എല്ലാ ദിവസവും ബലാത്സംഗങ്ങൾ നടക്കുന്നു.’ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ (പെൺകുട്ടികളെ സംരക്ഷിക്കുക, അവരെ പഠിപ്പിക്കുക) എന്നും പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു, എന്നാൽ പെൺമക്കളെ ആരിൽ നിന്നാണ് സംരക്ഷിക്കേണ്ടതെന്ന് മോദി പറഞ്ഞില്ല. ബിജെപി എംഎൽഎമാരിൽ നിന്ന് അവരെ സംരക്ഷിക്കേണ്ടതുണ്ടോ?’ – മോദി സർക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി പറഞ്ഞു. പരാമർശം ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഒരു സാമൂഹിക പ്രവർത്തകൻ രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി.

‘രക്ത ബ്രോക്കറേജ്’;
സൈന്യത്തിന്റെ ഭീകരവിരുദ്ധ ഓപ്പറേഷനിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഖൂൻ കി ദലാലി’ നടത്തുകയാണെന്ന് രാഹുൽ ഗാന്ധി 2016-ൽ പറഞ്ഞിരുന്നു. തീവ്രവാദികൾക്കെതിരായ സർജിക്കൽ സ്‌ട്രൈക്കിനെ താൻ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ രാഷ്ട്രീയ പോസ്റ്ററുകളിലും പ്രചാരണങ്ങളിലും ഇന്ത്യൻ സൈന്യത്തെ ഉപയോഗിക്കുന്നതിനെ താൻ ഒരിക്കലും അംഗീകരിക്കില്ലെന്നും ഗാന്ധി സഖാവ് പിന്നീട് തന്റെ ട്വിറ്ററിൽ ഒരു വിശദീകരണം നൽകി.

അമിത് ഷായെക്കുറിച്ചുള്ള പരാമർശം:
2019 മെയ് മാസത്തിൽ ജബൽപൂരിൽ നടന്ന ലോക്‌സഭാ പ്രചാരണ പ്രസംഗത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് പരാമർശിച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു. 2015-ൽ സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിലെ പ്രതിയാണ് ഷായെന്ന് രാഹുൽ ആരോപിച്ചു. കോൺഗ്രസ് നേതാവിന്റെ പരാമർശം അപകീർത്തികരമാണെന്ന് ആരോപിച്ച് അമിത് ഷാ പരാതി നൽകി. മാനനഷ്ടക്കേസിൽ ഗുജറാത്ത് കോടതി അദ്ദേഹത്തിന് പിന്നീട് ജാമ്യം അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *