Thursday, January 23, 2025
National

ക്യാപ്റ്റൻ അമരീന്ദർ സിംഗ് മഹാരാഷ്ട്ര ഗവർണറാകുമെന്ന് സൂചന

പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ് അടുത്ത മഹാരാഷ്ട്ര ഗവർണറാകുമെന്ന് സൂചന. മറാഠാ ഭരണാധികാരി ഛത്രപതി ശിവാജി മഹാരാജിനെതിരെ വിവാദ പരാമർശം നടത്തിയ ഭഗത് സിംഗ് കോഷിയാരിക്ക് പകരക്കാരനായി അമരീന്ദറെ കൊണ്ടുവരാനുള്ള ചർച്ചകൾ സജീവമായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.

ഭഗത് സിംഗ് കോഷിയാരിക്ക് പകരം പഞ്ചാബ് മുൻ മുഖ്യമന്ത്രിയെ മഹാരാഷ്ട്രയിലേക്ക് അയച്ചേക്കുമെന്നാണ് വിവരം. സർക്കാരിലോ പാർട്ടിയിലോ ഏതെങ്കിലും പദവി വഹിക്കാനോ, തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ ബിജെപി നിശ്ചയിച്ചിട്ടുള്ള പരിധി 75 വയസ്സാണ്. എന്നാൽ 80 വയസ്സുള്ള അമരീന്ദർ ഗവർണർ ആയേക്കുമെന്നാണ് റിപോർട്ടുകൾ. 83 അംഗങ്ങളുള്ള ബിജെപിയുടെ ഉന്നതതല പാനലായ ദേശീയ എക്‌സിക്യൂട്ടീവിലേക്ക് അടുത്തിടെ അമരീന്ദറിനെ ഉൾപ്പെടുത്തിയിരുന്നു.

നേരത്തെ അമരീന്ദറിന്റെ സ്വന്തം തട്ടകമായ പട്യാലയിൽ ജനുവരി 29-ന് നടത്താനിരുന്ന റാലി റദ്ദാക്കിക്കൊണ്ടുള്ള ബിജെപി നീക്കം ഒരു സൂചന നൽകിയിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിൽ ചില മുന്നേറ്റങ്ങൾ നടത്താനാണ് ബിജെപി ആദ്യം ശ്രമിച്ചിരുന്നതെങ്കിലും ഒരു പ്രമുഖ ജാട്ട് സിഖ് മുഖമല്ലാതെ അമരീന്ദറിന് പഞ്ചാബിൽ കൂടുതൽ ഒന്നും ചെയ്യാനില്ലെന്ന് മനസിലാക്കിയാണ് ബിജെപിയുടെ പുതിയ തീരുമാനം.

2021-ൽ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തതിനെത്തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്തായ അദ്ദേഹം പഞ്ചാബ് ലോക് കോൺഗ്രസ് എന്ന സ്വന്തം പാർട്ടി രൂപീകരിച്ചു, അത് പിന്നീട് ബിജെപിയിൽ ലയിച്ചു. കഴിഞ്ഞ ദിവസമാണ് സ്ഥാനമൊഴിയാൻ ആഗ്രഹിക്കുന്നതായി ഭഗത് സിംഗ് കോഷിയാരി വെളിപ്പെടുത്തിയത്. തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *