അയോധ്യ ഭൂമി കുംഭകോണം: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
രാമക്ഷേത്ര നിർമാണം പുരോഗമിക്കുന്ന അയോധ്യയിലെ പ്രദേശത്തെ ഭൂമി ഇടപാടുകളിൽ വ്യാപക ക്രമക്കേട് എന്ന ആരോപണത്തിൽ അന്വേഷണം. രാമക്ഷേത്ര ഭൂമിയ്ക്ക് സമീപം ബിജെപി നേതാക്കളും പ്രദേശത്തെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് യോഗി സർക്കാർ അന്വേഷണത്തിന് നിർദേശിച്ചത്. ആരോപണങ്ങളിൽ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദേശം.
ഒരാഴ്ചയ്ക്കകം വ്യക്തമായ രേഖകൾ സഹിതം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം എന്ന് ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യൂ) മനോജ് കുമാർ സിംഗ് വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ”മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്രവാർത്ത ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സ്‌പെഷ്യൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്,” എന്നും അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യൂ) വ്യക്തമാക്കുന്നു.