ആന്ധ്രയിലെ മഴക്കെടുതിയിൽ മരണസംഖ്യ 49 ആയി;കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു
ആന്ധ്രയിലെ മഴക്കെടുതിയിൽ മരണസംഖ്യ 49 ആയി. തിരുപതി, കഡപ്പ, ചിറ്റൂർ എന്നിവിടങ്ങളിൽ മഴ തുടരുകയാണ്. താഴ്ന്ന മേഖലകളിലെ വീടുകളാകെ വെള്ളത്തിനടിയിലാണ്. ഒഴുക്കിൽപ്പെട്ട് കാണാതായ അമ്പതോളം പേർക്കായി തെരച്ചിൽ തുടരുന്നുണ്ട്
തിരുപതി ക്ഷേത്രപരിസരത്ത് കുടുങ്ങിയ ഇരുപതിനായിരത്തോളം തീർഥാടകരെ സർക്കാർ കേന്ദ്രങ്ങളിൽ പാർപ്പിച്ചു. ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കിയതിനാലാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരങ്ങൾ ക്ഷേത്രപരിസരത്ത് കുടുങ്ങിയത്
വ്യോമസേനയും നാവികസേനയും രക്ഷാപ്രവർത്തനത്തിനായി ക്യാമ്പ് ചെയ്യുന്നുണ്ട്. ദേശീയപാതകളടക്കം വെള്ളത്തിനടിയിലായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഡാമുകളിലെ സംഭരണശേഷി കഴിഞ്ഞതോടെ കൂടുതൽ വെള്ളം ഒഴുക്കിവിടുന്നതും പ്രളയത്തിന്റെ രൂക്ഷത വർധിപ്പിക്കുകയാണ്.