Thursday, January 9, 2025
National

‘നിങ്ങളുടെ സിംഹക്കുട്ടിയെ ഞങ്ങൾ കൊന്നു’; പഞ്ചാബിൽ കബഡി താരത്തെ വെട്ടിക്കൊന്ന് മൃതദേഹം വീടിനു മുന്നിൽ തള്ളി

പഞ്ചാബിൽ കബഡി താരത്തെ വെട്ടിക്കൊന്ന് മൃതദേഹം വീടിനു മുന്നിൽ തള്ളി. വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് 22 കാരനായ കബഡി താരത്തെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ക്രൂരമായ കൊലപാതകത്തിന് ശേഷം ‘നിങ്ങളുടെ സിംഹക്കുട്ടിയെ ഞങ്ങൾ കൊന്നു’ എന്ന് പ്രതികൾ മാതാപിതാക്കളോട് ആക്രോശിച്ചതായും പൊലീസ്

പഞ്ചാബിലെ കപൂർത്തല ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ഹർദീപ് സിംഗ് എന്ന യുവ കബഡി താരമാണ് കൊല്ലപ്പെട്ടത്. പ്രദേശവാസിയായ പ്രതി ഹർപ്രീത് സിംഗുമായി ദീർഘനാളായി തർക്കമുണ്ടായിരുന്നു. ഇതിൻ്റെ പേരില്‍ മകനെതിരെ കേസുണ്ടായിരുന്നെന്നും ഹര്‍ദീപിന്റെ പിതാവ് ഗുർനാം സിംഗ് പരാതിയില്‍ പറയുന്നു.

പൊലീസിനെ പേടിച്ച് മകൻ വീട്ടിൽ താമസിച്ചിരുന്നില്ല. ബാങ്ക് പാസ്ബുക്ക് എടുക്കാനായി ചൊവ്വാഴ്ച വൈകിട്ട് ഹർദീപ് വീട്ടിൽ എത്തിയിരുന്നു. ബുധനാഴ്ച്ച രാത്രി ആറ് പേരടങ്ങുന്ന സംഘം വീട്ടിലെത്തി വാതിലില്‍ മുട്ടുകയും നിങ്ങളുടെ സിംഹക്കുട്ടിയെ ഞങ്ങൾ കൊലപ്പെടുത്തിയെന്ന് ആക്രോശിച്ചുവെന്നും മരിച്ചയാളുടെ പിതാവ് പരാതിയില്‍ പറഞ്ഞു.

വാതില്‍ തുറന്നപ്പോള്‍ ഗുരുതരമായി പരിക്കേറ്റ മകനെയാണ് കണ്ടത്. സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിലെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. സംഭവത്തില്‍ ആറ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായും അവരില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും കപൂര്‍ത്തല സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജ്പാല്‍ സിംഗ് സന്ധു പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *