പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും; കേന്ദ്രസർക്കാർ തീരുമാനം ഇന്നറിയാം
പ്രതിപക്ഷത്തിന്റെ പ്രതിഷേധ പരിപാടികൾ തുടരുന്ന സാഹചര്യത്തിൽ പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം വന്നേക്കും. ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിയണോയെന്ന് ഇന്ന് തീരുമാനിക്കുമെന്ന് സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം പ്രതിപക്ഷം ഇന്നും രണ്ട് സഭകളും ബഹിഷ്‌കരിക്കും. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ ഇന്നലെ രാജ്യസഭ 7 ബില്ലുകളും ലോക്‌സഭ തൊഴിൽ, നിയമഭേദഗതികളും പാസാക്കിയിരുന്നു.
വിദേശ സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന നിയമത്തിലെ ഭേദഗതി രാജ്യസഭ ഇന്ന് പാസാക്കും. അതിനിടെ രാജ്യസഭയിൽ നടന്ന ബഹളത്തിൽ അമർഷം അറിയിച്ച് രാജ്യസഭാ ഉപാധ്യക്ഷൻ രാഷ്ട്രപതിക്ക് കത്തെഴുതി.