Friday, April 25, 2025
National

വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ: ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

6-12 ക്ലാസുകളിലെ പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. എല്ലാ സർക്കാർ-എയ്ഡഡ്, റസിഡൻഷ്യൽ സ്‌കൂളുകളിലും സ്ത്രീകൾക്ക് പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

സാമൂഹ്യ പ്രവർത്തകയായ ജയ താക്കൂർ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളുടെ ആർത്തവ ശുചിത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട ‘സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ്’ നടപടിക്രമവും ദേശീയ മാതൃകയും തയ്യാറാക്കാൻ സുപ്രീം കോടതി നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

വിഷയത്തിന് വലിയ പ്രാധാന്യമുണ്ടെന്നും, ഏകീകൃത ദേശീയ നയം നടപ്പാക്കാൻ സർക്കാർ, എയ്ഡഡ് സ്‌കൂളുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളുമായും കൂടിയാലോചിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കൂടാതെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തമ്മിലുള്ള ഏകോപനത്തിനും ദേശീയ നയം രൂപീകരിക്കുന്നതിനുള്ള വിവരശേഖരണത്തിനും നോഡൽ ഓഫീസറായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MOHFW) സെക്രട്ടറിയെ നിയമിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *