മോദിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താനാകില്ലെന്ന് പ്രഖ്യാപിച്ച കോൺഗ്രസിന് നന്ദി: ബിജെപി
2024 ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്കെതിരെ മുന്നണിയുണ്ടാക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമങ്ങളെ പരിഹസിച്ച് ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താൻ കഴിയാത്തതിനാലാണ് കോൺഗ്രസ് മറ്റുള്ളവരുടെ പിന്തുണ തേടുന്നതെന്നാണ് പരിഹാസം.
അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനായി ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കാൻ പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കൾ പട്‌നയിൽ യോഗം ചേർന്നതിന് പിന്നാലെയാണ് ബിജെപിയുടെ പരിഹാസം. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നത് നേരിട്ട് കണ്ട ചില മുതിർന്ന നേതാക്കൾ പട്‌നയിൽ കോൺഗ്രസിന്റെ കുടക്കീഴിൽ ഒത്തുകൂടിയത് എത്രവലിയ വിരോധാഭാസമാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒറ്റയ്ക്ക് നേരിടാനാകില്ലെന്ന സന്ദേശമാണ് പ്രതിപക്ഷ പാർട്ടികൾ നൽകുന്നത്. “മോദിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താൻ കോൺഗ്രസിന് കഴിയില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതിന് പ്രത്യേകം നന്ദി പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു. കോൺഗ്രസിന് പിന്തുണ ആവശ്യമാണ്. അധികാരം കൊട്ടാരത്തിൽ നിന്ന് ജനങ്ങളിലേക്ക് മാറിയിരിക്കുന്നു. അതുകൊണ്ടാണ് തങ്ങളുടെ രാഷ്ട്രീയ പൈതൃകത്തിൽ അഭിമാനിക്കുന്ന ആളുകൾക്ക് അടിയന്തരാവസ്ഥക്കാലത്ത് തങ്ങൾ തടവിലാക്കിയവരുടെ അടുത്തേക്ക് പോകേണ്ടിവരുന്നത്” – ഇറാനി പറഞ്ഞു.