ഹുറുൺ ഗ്ലോബലിന്റെ അതിസമ്പന്നരുടെ പട്ടിക; ആദ്യ സ്ഥാനങ്ങളിൽ അദാനിയില്ല; ഇന്ത്യയിൽ നിന്ന് അംബാനി മാത്രം
ഹുറൂൺ ഇന്ത്യ പുറത്തു വിട്ട ലോകത്തിലെ അതിസമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ സ്ഥാനം കണ്ടെത്തി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. പട്ടികയിൽ ഇടം നേടുന്ന ഏക ഇന്ത്യക്കാരാണ് അദ്ദേഹം. തുടർച്ചയായ മൂന്നാമത്തെ വർഷമാണ് ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി അംബാനി നേടുന്നത്. ഈ പട്ടികയിലുള്ള ഏറ്റവും ധനികനായ ടെലികോം സംരംഭകൻ കൂടിയാണ് അദ്ദേഹം. ഹിൻഡർബെർഗ് റിപ്പോർട്ടിലൂടെ സാമ്പത്തിക രംഗത്ത് വൻ തിരിച്ചടി നേരിട്ട ഗൗതം അദാനിക്ക് പട്ടികയുടെ ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിക്കാൻ സാധിച്ചില്ല.
റിപോർട്ടുകൾ പ്രകാരം, ഹിൻഡർബെർഗ് വിവാദങ്ങൾ പുറത്ത് വരുന്നതിന് മുൻപ് ലോകത്തിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയെന്ന വിശേഷണം അദാനിക്കായിരുന്നു. എന്നാൽ, ഹിൻഡർബെർഗ് റിപ്പോർട്ട് ഓഹരി വിപണികളിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതിയെ അതിഭീകരമായി സ്വാധീനിച്ചു. ഓരോ ആഴ്ചയിലും 3000 കോടിയുടെ നഷ്ടമാണ് അദ്ദേഹത്തിന് ഉണ്ടാകുന്നത് എന്ന കണക്കുകൾ പുറത്തുവരുന്നുണ്ട്. ഈ വർഷത്തെ റാങ്കിൽ അദ്ദേഹം പതിനൊന്ന് സ്ഥാനങ്ങൾ താഴേക്ക് വീണു.
ഹുറുൺ ഗ്ലോബലിന്റെ കണക്കുകൾ പ്രകാരം അതിസമ്പന്നരുടെ എണ്ണത്തിൽ അമേരിക്കയും ചൈനയും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്ത് ഇന്ത്യ സ്ഥാനം പിടിച്ചിട്ടുണ്ട്.