Monday, January 6, 2025
World

ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളില്‍ ഇന്ത്യക്ക് എട്ടാം സ്ഥാനം; 50 ന​ഗരങ്ങളിൽ 39 എണ്ണം ഇന്ത്യയിൽ

2022ലെ ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്തെന്ന് റിപ്പോർട്ട്. സ്വിസ് കമ്പനിയായ IQAir ചൊവ്വാഴ്ച പുറത്തിറക്കിയ ‘വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ്’ ഇക്കാര്യം വ്യക്തമാക്കിയത്.

കൂടാതെ ലോകത്ത് ഏറ്റവും മലിനമായ 50 നഗരങ്ങളുടെ പട്ടികയിൽ 39 എണ്ണവും ഇന്ത്യയിൽ നിന്നുള്ളവയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പി എം 2.5 ന്റെ നിലവാരത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തീരുമാനിച്ചിട്ടുള്ളത്. വായുവില്‍ തങ്ങിനില്‍ക്കുന്ന ഖര, ദ്രാവക കണങ്ങളുടെ മിശ്രിതമാണ് പി എം 2.5. 2021ൽ പുറത്തുവിട്ട പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു.

വായു മലിനീകരണം ഏറ്റവും കൂടിയ 50 ന​ഗരങ്ങളിൽ 39 എണ്ണവും ഇന്ത്യയിലാണ്. ചാഡ്, ഇറാഖ്, പാകിസ്താൻ, ബഹ്റൈൻ, ബംഗ്ലാദേശ്, ബുർക്കിന ഫാസോ, കുവൈറ്റ്, ഈജിപ്ത്, തജിക്കിസ്ഥാൻ എന്നിവയാണ് മലിനീകരണം കൂടുതലുള്ള മറ്റ് രാജ്യങ്ങൾ.

പാകിസ്താൻ തലസ്ഥാനമായ ലാഹോർ ആണ് ലോകത്തിലെ ഏറ്റവും കൂടുതൽ മലിനീകരണമുളള ന​ഗരം. ചൈനയിലെ ഹോടൻ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്ത് രാജസ്ഥാനിലെ ഭിവാഡിയും നാലാമതായി ഡൽഹിയുമാണുളളത്. ഡൽഹിയിലെ മലിനീകരണം പിഎം 2.5 ലെവൽ 92.6 മൈക്രോ​ഗ്രാം ആണ്.

ഇത് സുരക്ഷിത പരിധിയിൽ നിന്ന് 20 മടങ്ങ് അധികമാണ്. മലിനീകരണം കൂടുതലുളള ആദ്യ പത്ത് ന​ഗരങ്ങളിൽ ആറെണ്ണവും ഇന്ത്യയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൊൽക്കത്ത 99, മുംബൈ 137, ഹൈദരാബാദ് 199, ബെം​ഗളൂരു 440, ചെന്നൈ 682 എന്നിങ്ങനെയാണ് രാജ്യത്തെ മറ്റ് ന​ഗരങ്ങളിലെ മലിനീകരണത്തിലെ റാങ്ക്.

Leave a Reply

Your email address will not be published. Required fields are marked *