‘രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ വിധി പ്രഥമദൃഷ്ട്യാ തന്നെ ചോദ്യം ചെയ്യപ്പെടാവുന്നത്’; നിയമപരമായി നേരിടുമെന്ന് എഐസിസി
രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ കോടതി വിധിയെ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ്. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് എഐസിസി വ്യക്തമാക്കി. വിമര്‍ശനങ്ങളെ കേന്ദ്രം ഭയപ്പെടുന്നു എന്നതിന് തെളിവായാണ് രാഹുലിനെതിരായ വിധിയെ കാണുന്നതെന്നും എഐസിസി വ്യക്തമാക്കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷ്, മനു അഭിഷേക് സിംഗ്വി എന്നിവരാണ് മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മോദി സമുദായത്തെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരെയാണ് രാഹുല്‍ ഗാന്ധിയ്ക്ക് സൂറത്ത് കോടതി തടവ് ശിക്ഷ വിധിച്ചത്. രാഹുലിനെതിരായ വിധി പ്രഥമദൃഷ്ട്യാ തന്നെ ചോദ്യം ചെയ്യപ്പെടാവുന്നതാണെന്ന് എഐസിസി നേതാക്കള്‍ പറഞ്ഞു. മാനഹാനി ഉണ്ടയ വ്യക്തിയ്ക്ക് നേരിട്ടാണ് സാധാരണ ക്രിമിനല്‍, മാനനഷ്ട കേസുകള്‍ നല്‍കാവുന്നത്. ഭയാശങ്കയില്ലാതെ അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു. വിമര്‍ശനങ്ങളെ തടയാന്‍ സര്‍ക്കാര്‍ എല്ലാ മാര്‍ഗങ്ങളും പയറ്റുന്നുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
2019 തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയില്‍, ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപേര് വന്നത് എങ്ങനെ?’ എന്ന് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേസ്. ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഐപിസി സെക്ഷന്‍ 499, 500 പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയുമാണ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്. അപ്പീല്‍ നല്‍കുന്നതിനായി 30 ദിവസത്തെ സമയം നല്‍കി ജാമ്യം അനുവദിച്ചിട്ടുണ്ട്.