കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന; ഒരാഴ്ച സൂക്ഷ്മ നിരീക്ഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരാഴ്ച സൂക്ഷ്മ നിരീക്ഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ടോ എന്ന് ആരോഗ്യവകുപ്പ് കൃത്യമായി പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാല്‍ ജാഗ്രത തുടരേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്നലെ മരണ കണക്കില്‍ സംഭവിച്ച പിഴവില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സംഭവിച്ചത് ക്ലിനിക്കല്‍ പിഴവാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആശുപത്രി കോമ്പൗണ്ടിനടുത്ത് പരിപടികള്‍ നടത്തുമ്പോള്‍ വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല. രോഗീ സൗഹൃദമായിരിക്കണം. രോഗികള്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് ഒരു തരത്തിലും അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ പാടില്ല.
രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പ്രയാസം നേരിടാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായും അല്ലാതെയുമുള്ള പരിപാടികള്‍ ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ സംഘടിപ്പിക്കുമ്പോള്‍ സര്‍ക്കുലറിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
ആശുപത്രികളിലെ പൊതു അന്തരീക്ഷം രോഗി സൗഹൃമായി നിലനിര്‍ത്തുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതില്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിവിധ രോഗങ്ങളാല്‍ വലയുന്നവര്‍ക്കും, ഗര്‍ഭിണികള്‍ക്കും, നവജാത ശിശുകള്‍ക്കും പ്രയാസമുണ്ടാക്കും എന്നതുകൊണ്ട് ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ ബാന്റ് മേളം, വാദ്യഘോഷങ്ങള്‍, കരിമരുന്ന് പ്രയോഗം മുതലായവ ഒഴിവാക്കേണ്ടതാണ്.