റിപ്പബ്ലിക് ദിനാഘോഷ പരേഡ് നേരിട്ട് കാണാം; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ
ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ടാബ്ലോകള്‍ ഉള്‍പ്പെടെ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. സാധാരണയായി പരേഡ് ഗ്രൗണ്ടില്‍ ആദ്യവരി വിവിഐപികള്‍ക്കായി നീക്കിവയ്ക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ റിക്ഷാ തൊഴിലാളികള്‍, കര്‍തവ്യ പഥിലെ തൊഴിലാളികള്‍, സെന്റട്രല്‍ വിസ്ത നിര്‍മാണ തൊഴിലാളികള്‍ എന്നിവര്‍ക്കാണ് പരേഡ് കാണാന്‍ ആദ്യ നിരയില്‍ ഇരിക്കാന്‍ സൗകര്യമുള്ളത്. ഇത്തവണ പരേഡ് കാണാനുള്ള സീറ്റുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. 32000 ടിക്കറ്റുകള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 20 രൂപ മുതല്‍ 500 രൂപ വരെയാണ് ടിക്കറ്റ്
റിപ്പബ്ലിക് ദിന പരേഡ് ടിക്കറ്റുകള്‍ ഓണ്‍ലൈനായി എങ്ങനെ ബുക്ക് ചെയ്യാം?
രജിസ്‌ട്രേഷന്‍
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആദ്യം നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ട അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്യണം. അല്ലെങ്കില്‍, www.aamantran.mod.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് പേര്, രക്ഷിതാവിന്റെ/പങ്കാളിയുടെ പേര്, ജനനത്തീയതി, ഫോണ്‍നമ്പര്‍, സ്ഥലം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് ലഭിക്കുന്ന OTp നല്‍കുക.
ഇവന്റ് തെരഞ്ഞെടുക്കുക
ഇത്തവണ നാല് ഇവന്റുകളാണ് പരേഡിലുള്ളത്.നിങ്ങള്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നത് ഏത് പരേഡിലാണെന്ന് തെരഞ്ഞെടുക്കുക: FDR – റിപ്പബ്ലിക് ദിന പരേഡ്, റിപ്പബ്ലിക് ദിന പരേഡ്, റിഹേഴ്‌സല്‍ – ബീറ്റിംഗ് ദി റിട്രീറ്റ്, ബീറ്റിംഗ് ദി റിട്രീറ്റ് – FDR, ബീറ്റിംഗ് ദി റിട്രീറ്റ് സെറിമണി എന്നിങ്ങനെയാണ് ഇവന്റുകള്‍ ഉള്ളത്. ഓരോ ഇവന്റിനെ കുറിച്ചും ടിക്കറ്റ് നിരക്കിനെ കുറിച്ചുമുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കാണാം.ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് പത്ത് ടിക്കറ്റ് വരെയാണ് ബുക്ക് ചെയ്യാനാകുക.
ഓരോ ടിക്കറ്റിന്റെയും ക്യുആര്‍ കോഡ് പരേഡ് നടക്കുന്ന സ്ഥലത്ത് സ്‌കാന്‍ ചെയ്യാം. പ്രഗതി മൈതാനം, സേന ഭവന്‍, ജന്തര്‍ മന്തര്‍, ശാസ്ത്രി ഭവന്‍, പാര്‍ലമെന്റ് ഹൗസ് എന്നിവിടങ്ങളില്‍ ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്കായി ഓഫ്ലൈന്‍ ബൂത്തുകളും സജ്ജീകരിക്കും.