ഹിജാബ് വിലക്ക്, ഭിന്നവിധിക്കെതിരെ സുപ്രിംകോടതിയിൽ വീണ്ടും ഹർജി
ഹിജാബ് വിഷയം, ഭിന്നവിധിക്കെതിരെ സുപ്രിംകോടതിയിൽ വീണ്ടും ഹർജി. ഹർജി മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ഹിജാബ് കേസ് പരിഗണിച്ച ബെഞ്ചിലെ ജഡ്ജിമാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടർന്ന് കേസ് വിശാല ബെഞ്ചിന് വിടുകയായിരുന്നു.
ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് വിലക്ക് അംഗീകരിച്ച കർണാടക ഹൈക്കോടതിയുടെ വിധി ശരിവെച്ചു. എന്നാൽ ജസ്റ്റിസ് സുധാംശു ദുലിയ കർണാടക ഹൈക്കോടതി വിധി റദ്ദാക്കി. ഈ സാഹചര്യത്തിലാണ് കേസ് വിശാല ബെഞ്ചിന് വിട്ടത്. ഹിജാബ് വിലക്കോടെ പല പെൺകുട്ടികളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപേക്ഷിച്ചെന്ന് അഡ്വ. മീനാക്ഷി അറോറ കോടതിയെ അറിയിച്ചു.
ഫെബ്രുവരി ആറിന് പരീക്ഷ നടക്കുകയാണ്. വിദ്യാർഥിനികൾ പരീക്ഷ എഴുതേണ്ടത് ഹിജാബ് വിലക്ക് നിലനിൽക്കുന്ന സർക്കാർ കോളേജുകളിലാണ്. വിലക്ക് നിലനിൽക്കുന്നതിനാൽ പരീക്ഷ എഴുതാൻ പറ്റാത്ത സാഹചര്യമാണ് വിദ്യാർഥികൾക്കുള്ളത്. ഇടക്കാല വിധി വേണമെന്നും മീനാക്ഷി അറോറ ആവശ്യപ്പെട്ടു.