Tuesday, January 7, 2025
National

ഹിജാബ് കേസില്‍ ഭിന്നവിധി; നിരോധനം ശരിവച്ച് ജസ്റ്റിസ് ഗുപ്ത; തള്ളി ജസ്റ്റിസ് ധൂലിയ

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധന വിഷയത്തില്‍ സുപ്രിംകോടതിയില്‍ ഭിന്നവിധി. ഹിജാബ് നിരോധനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹര്‍ജികള്‍ തള്ളി. കര്‍ണാടക ഹൈക്കോടതി വിധി അദ്ദേഹം ശരിവച്ചു. എന്നാല്‍ ഇതിനോട് ജസ്റ്റിസ് സുധാംശു ധൂലിയ വിയോജിച്ചു. അദ്ദേഹം ഭിന്നവിധിയെഴുതുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ വിശാല ബെഞ്ച് രൂപീകരിക്കാന്‍ രണ്ടംഗ ബെഞ്ച് ശുപാര്‍ശ ചെയ്തു.

കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ത്ഥികളാണ് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് ജസ്റ്റിസ് സുധാംശു ധൂലിയ വ്യക്തമാക്കുന്നത്. ഹിജാബ് നിരോധനത്തിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കൊഴിഞ്ഞുപോക്കുണ്ടായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

11 ചോദ്യങ്ങള്‍ ആധാരമാക്കിയാണ് താന്‍ വിധി പ്രസ്താവിച്ചതെന്നാണ് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വ്യക്തമാക്കിയത്. ഹിജാബ് നിരോധനം വസ്ത്രസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന നിരീക്ഷണം നടത്താന്‍ തനിക്ക് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിജാബ് നിരോധനം ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ ജസ്റ്റിസ് ധൂലിയ തന്റെ വിധിയില്‍ സൂചിപ്പിച്ചു. വിധി ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലേക്കാണ് പോകുക. ചീഫ് ജസ്റ്റിസാണ് വിശാല ബെഞ്ചിന് രൂപം നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *