ഹിജാബ് വിവാദം: കർണാടക ഹൈക്കോടതി വിധി ഇന്ന്, കനത്ത ജാഗ്രത
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ ഇന്ന് വിധിയുണ്ടാകും. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബഞ്ചാണ് ഹർജിയിൽ വിധി പറയുന്നത്. ഹിജാബ് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥിനികളാണ് ഹർജി നൽകിയത്
കേസിൽ വിവിധ സംഘടനകൾ കക്ഷി ചേർന്നിരുന്നു. എന്നാൽ ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സർക്കാർ നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമാണെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. പതിനൊന്ന് ദിവസമാണ് കേസിൽ വാദം കേട്ടത്.
വിധി വരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് പോലീസ്. ബംഗളൂരുവിലടക്കം പല മേഖലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഷിമോഗ, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലും നിരോധനാജ്ഞയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.