Monday, April 14, 2025
National

ഇന്ത്യയില്‍ 776 ദശലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍

കൊഹിമ: ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 776 ദശലക്ഷമായി വര്‍ധിച്ചു. സപ്തംബര്‍ 2020 അവസാനം വരെയുളള കണക്കാണ് ഇത്. ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം 4 ശതമാനം വര്‍ധിച്ചപ്പോള്‍ നാരോബാന്‍ഡ് വരിക്കാരുടെ എണ്ണം കുറഞ്ഞു.

ടെലികോം റെഗുലേറ്റി അതോറിറ്റിയുടെ ഇന്ത്യന്‍ ടെലകോം സര്‍വീസ് പെര്‍ഫോമെന്‍സ് ഇന്‍ഡിക്കേറ്ററിന്റെ സപ്തംബര്‍ 30, 2020 വരെയുള്ള റിപോര്‍ട്ടാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. രാജ്യത്തെ ഇന്റര്‍നെറ്റ് വികാസത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച് പ്രവണതകള്‍ രേഖപ്പെടുത്തുന്ന റിപോര്‍ട്ടാണ് ഇത്. ജൂലൈ 2020 മുതല്‍ സപ്തംബര്‍ 2020വരെയുള്ള വിവരങ്ങള്‍ ഇതില്‍ രേഖപ്പെടുത്തുന്നു. സര്‍വീസ് പ്രൊവൈഡര്‍മാര്‍ നല്‍കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

ജൂണ്‍ 2020 മുതല്‍ സപ്തംബര്‍ 2020 വരെയുള്ള കാലത്ത് ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 749.07 ദശലക്ഷത്തില്‍ നിന്ന് 776.45 ദശലക്ഷമായി വര്‍ധിച്ചതായാണ് കണക്ക്. ഏകദേശം 3.66 ശതമാനത്തിന്റെ വര്‍ധനവാണ് ഈ കാലയളവിലുണ്ടായത്.

ഇതില്‍ 24.36 ദശലക്ഷം പേര്‍ക്ക് കേബിള്‍ വഴിയാണ് ഇന്റര്‍നെറ്റ് ലഭിക്കുന്നത്. വയര്‍ലെസ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 752.09 ദശലക്ഷമാണ്.

ബ്രോഡ്ബാന്‍ഡ് ഇന്‍രര്‍നെറ്റിന്റെ ഉപഭോഗത്തില്‍ 4.02ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. ജൂണ്‍ അവസാനം 698.23 ദശലക്ഷമായിരുന്നത് സപ്തംബറില്‍ 726.32 ശലക്ഷമായി. നാരോബ്രാന്‍ഡില്‍ 1.38 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ 50.84 ല്‍ നിന്ന് 50.14 ദശലക്ഷമായി കുറഞ്ഞതായാണ് കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *