Monday, January 6, 2025
Kerala

സംസ്ഥാനത്തെ പത്ത് റയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ചിറയിന്‍കീഴ്, മാളിയേക്കല്‍ (കരുനാഗപ്പള്ളി), ഇരവിപുരം, ഗുരുവായൂര്‍, ചിറങ്ങര (ചാലക്കുടി), അകത്തേത്തറ (മലമ്പുഴ), വാടാനാംകുറുശ്ശി (പട്ടാമ്പി), താനൂര്‍തെയ്യാല, ചേലാരി ചെട്ടിപ്പടി (തിരൂരങ്ങാടി), കൊടുവള്ളി (തലശ്ശേരി) എന്നിവിടങ്ങളിലായാണ് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നത്. നാടിന്റെ സമഗ്ര വികസനം ത്വരിതപ്പെടുത്തുവാന്‍ തടസ്സരഹിതമായ ഒരു റോഡ് ശൃംഖല അനിവാര്യമാണ്. അത് യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ലെവല്‍ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ ഈ നിര്‍മ്മാണങ്ങള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 251.48 കോടി മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന ഈ പ്രവൃത്തികളുടെ നിര്‍മ്മാണം റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള ഈ നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറായാണ് ഈ നിര്‍മ്മാണങ്ങള്‍ നടത്തുന്നത്. എല്ലായിടത്തും രണ്ടു ലൈന്‍ ഫുട്ട്പ്പാത്തും ഉണ്ടാകും. പൈല്‍, പൈല്‍ ക്യാപ്പ് എന്നിവ കോണ്‍ക്രീറ്റും, പിയര്‍, പിയര്‍ ക്യാപ്പ്, ഗര്‍ഡര്‍ എന്നിവ സ്റ്റീലും ഡെക് സ്ലാബ് കോണ്‍ക്രീറ്റിലുമായാണ് നിര്‍മിക്കുന്നത്. കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ഈ മേല്‍പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇവിടങ്ങളില്‍ റെയില്‍വേ ക്രോസ് കാരണം ഉണ്ടാകുന്ന ഗതാഗത തടസ്സങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.

Leave a Reply

Your email address will not be published. Required fields are marked *