യുക്രൈൻ-റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തേക്ക് മടങ്ങി വന്ന മെഡിക്കൽ ബിരുദ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
യുക്രൈൻ- റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തേക്ക് മടങ്ങി വന്ന ആയിരക്കണക്കിന് മെഡിക്കൽ ബിരുദ ഇന്ത്യൻ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരിച്ചെത്തിയ വിദ്യാർത്ഥികളെ ഇവിടുത്തെ മെഡിക്കൽ കോളജുകളിൽ പ്രവേശിപ്പിക്കാൻ കഴിയില്ല എന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഏതെങ്കിലും ഇന്ത്യൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്കോ സർവ്വകലാശാലകളിലേക്കോ മാറ്റാനോ താമസിപ്പിക്കാനോ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻ എം സി) ഇതുവരെ അനുമതി നൽകിയിട്ടില്ല എന്നാണ് കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്.
അതത് വിദേശ മെഡിക്കൽ കോളേജുകളിലെ/സർവകലാശാലകളിലെ ഒന്നാം വർഷ മുതൽ നാലാം വർഷ വരെ ബാച്ചുകളിലെ ബിരുദ മെഡിക്കൽ വിദ്യാർത്ഥികൾ, പ്രാഥമികമായി അതാത് സെമസ്റ്ററുകളിൽ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിലേക്ക് മാറണം എന്ന് ആവശ്യപ്പെടുന്നതാണ് ഹർജ്ജികൾ. വിദ്യാർത്ഥികളുടെ ഭാവിയെ മുൻ നിർത്തി മറ്റെതെൻകിലും രാജ്യത്ത് അടക്കം പഠന സൌകര്യം ഒരുക്കണം എന്ന താത്പര്യം ഇക്കാര്യത്തിൽ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.
യുക്രൈനിൽ വിദ്യാർത്ഥികൾക്ക് തുടർ പഠനം നടത്തുന്നതിലുള്ള ബുദ്ധിമുട്ട് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയംതന്നെ പാർലമന്റിൽ രേഖാമൂലം വിശദീകരിച്ചിട്ടുണ്ട്. അതിനാൽ പ്രത്യേക അധികാരം ഉപയോഗിച്ച് ഇന്ത്യയിൽ തുടർ പഠനത്തിന് അവസരം ഒരുക്കാൻ കേന്ദ്ര സർക്കാരിനോട് നിര്ദേശിക്കണെമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.