ബി. ടെക് പരീക്ഷ ഓൺലൈനായി നടത്തണമെന്ന ആവശ്യം; ഇടപെടാതെ സുപ്രിംകോടതി
ന്യൂഡൽഹി: ബി. ടെക് പരീക്ഷ ഓൺലൈനായി നടത്തണമെന്ന കേരള സാങ്കേതിക സർവകലാശാല വിദ്യാർത്ഥികളുടെ ആവശ്യത്തിൽ ഇടപെടാതെ സുപ്രിംകോടതി. കേരള ഹൈക്കോടതിയെ സമീപിക്കാൻ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. സമാന ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് നടപടി.
ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വിദ്യാർത്ഥികൾ സുപ്രിംകോടതിയെ സമീപിക്കുന്നത് ഇന്നലെയാണ്. റിട്ട് ഹർജിയാണ് വിദ്യാർത്ഥികളാണ് നൽകിയിരിക്കുന്നത്. ഓഫ്ലൈനായി പരീക്ഷകൾ നടത്തുമെന്ന സാങ്കേതിക സർവകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും വിദ്യാർത്ഥികൾ ഹർജിയിൽ ആവശ്യപ്പെട്ടു. അന്യ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളും കേരളത്തിലെ എഞ്ചിനീയറിങ് കോളജുകളിൽ പഠിക്കുന്നുണ്ടെന്ന് ഹർജിയിൽ പറഞ്ഞു. തങ്ങളുടെ ജീവൻ വച്ച് കളിക്കരുതെന്നും, മൗലികാവകാശം സംരക്ഷിക്കണമെന്നും വിദ്യാർത്ഥികൾ പറയുന്നു.
എന്നാൽ ഈ ഹർജിയിൽ കോടതി ഇടപെട്ടില്ല. സുപ്രിംകോടതി നിലപാടിനെ തുടർന്ന് വിദ്യാർത്ഥികൾ ഹർജികൾ പിൻവലിച്ചു.