അസം-മേഘാലയ അതിർത്തിയിൽ ഏറ്റുമുട്ടൽ; തടി കടത്തുസംഘത്തിലെ 4 പേർ കൊല്ലപ്പെട്ടു
അസം-മേഘാലയ അതിർത്തിയിൽ അനധികൃത തടി കടത്തുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ 4 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. തടി കടത്താനുപയോഗിച്ച വാഹനം പൊലീസ് തടഞ്ഞതിനെ തുടർന്നാണ് ആക്രമണം ഉടലെടുത്തത്. കൊല്ലപ്പെട്ടവരിൽ ഒരു ഫോറസ്റ്റ് ഗാർഡ് ഉൾപ്പെടുന്നു.
പുലർച്ചെ മൂന്ന് മണിയോടെയാണ് അസം വനംവകുപ്പ് സംഘം മേഘാലയ അതിർത്തിയിൽ ട്രക്ക് തടഞ്ഞത്. വാഹനം നിർത്താതെ പോയതോടെ വനപാലകർ വെടിയുതിർക്കുകയും ടയർ പഞ്ചറാകുകയും ചെയ്തു. പിന്നാലെ പ്രതികൾ പുറത്തിറങ്ങി ആക്രമിക്കുകയായിരുന്നു. ഡ്രൈവറെയും കൈക്കാരനെയും മറ്റൊരാളെയും പിടികൂടിയതായും മറ്റുള്ളവർ രക്ഷപ്പെട്ടതായും വെസ്റ്റ് കർബി ആംഗ്ലോങ്ങിലെ പൊലീസ് സൂപ്രണ്ട് ഇംദാദ് അലി പിടിഐയോട് പറഞ്ഞു.