വിദ്യാര്‍ഥിനികള്‍ക്ക് സ്മാര്‍ട്ട് ഫോണും സ്‌കൂട്ടിയും; ‘സ്ത്രീപക്ഷ’ പ്രഖ്യാപനവുമായി പ്രിയങ്ക ഗാന്ധി
ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ എത്തിയാല്‍ വിദ്യാര്‍ഥിനികള്‍ക്ക് സ്മാര്‍ട്ട്‌ഫോണും സ്‌കൂട്ടിയും നല്‍കുമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്ലസ്ടു പാസായ എല്ലാ പെണ്‍കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണും ബിരുദധാരികളായ പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രോണിക് സ്‌കൂട്ടിയും നല്‍കുമെന്നാണ് പ്രിയങ്കയുടെ വാഗ്ദാനം. ട്വീറ്റിലൂടെയാണ് പ്രിയങ്ക ഗാന്ധി ഇക്കാര്യം അറിയിച്ചത്.
‘ഞാന്‍ കുറച്ച് വിദ്യാര്‍ഥിനികളുമായി സംസാരിച്ചിരുന്നു. പഠനാവശ്യങ്ങള്‍ക്കും സുരക്ഷക്കുമായി സ്മാര്‍ട്ട് ഫോണുകള്‍ ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. വിദ്യര്‍ഥിനികള്‍ക്ക് സ്മാര്‍ട്ട് ഫോണും ഇലക്ട്രോണിക് സ്‌കൂട്ടിയും വിതരണം ചെയ്യാന്‍ യുപി കോണ്‍ഗ്രസ് തീരുമാനിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.’ പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ 40 ശതമാനം ടിക്കറ്റ് നല്‍കുമെന്ന് പ്രിയങ്ക നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ആര്‍ക്കെങ്കിലും മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ നവംബര്‍ 15 വരെ അപേക്ഷ നല്‍കണമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് എതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ ഇല്ലാതാക്കാനും ബഹുമാനവും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുമാണ് ഈ നീക്കമെന്ന് കോണ്‍ഗ്രസ് നേതാവ് അന്‍ഷു അവസ്തി പറഞ്ഞു.