അംബേദ്കർ അധിക്ഷേപം: നിരുപാധികം മാപ്പുപറഞ്ഞ് മുൻ വിഎച്ച്പി നേതാവ് ആബിവിഎസ് മണിയൻ
അംബേദ്കറിനും തിരുവള്ളുവർക്കും എതിരെ നടത്തിയ ജാതി പരാമർശത്തിൽ നിരുപാധികം മാപ്പുപറഞ്ഞ് മുൻ വിശ്വഹിന്ദു പരിഷത്ത് നേതാവ് ആർബിവിഎസ് മണിയൻ. മദ്രാസ് ഹൈക്കോടതിയിലാണ് മാപ്പ് എഴുതി നൽകിയത്. അംബേദ്കർ പട്ടികവിഭാഗക്കാരനാണെന്നും ഭരണഘടന എഴുതിയതിൽ ഒരു പങ്കുമില്ലെന്നുമായിരുന്നു മണിയൻ്റെ പ്രസ്താവന.
ചെന്നൈയിലെ ടി നഗറിൽ നടത്തിയ പ്രസംഗത്തിലാണ് ഭരണഘടനാ ശില്പി ബി.ആർ അംബേദ്കറിനെയും തമിഴ് സന്യാസിയും തത്വചിന്തകനുമായ തിരുവള്ളുവറിനെയും കുറിച്ച് വിഎച്ച്പി തമിഴ്നാട് മുൻ വൈസ് പ്രസിഡന്റ് ആർബിവിഎസ് മണിയൻ അപകീർത്തികരമായ പരാമർശം നടത്തിയത്. അംബേദ്കർ പട്ടിക ജാതിക്കാരനാണെന്നും അദ്ദേഹത്തെ ഭരണഘടനശില്പി എന്ന് വിഷേപ്പിക്കുന്നവർക്ക് വട്ടാണെനുമായിരിന്നു മണിയന്റെ പരാമർശം.
”ഒരു ടൈപ്പിസ്റ്റ് ചെയ്യേണ്ട ജോലി മാത്രമാണ് അംബേദ്കർ ചെയ്തത്. പട്ടികജാതി സമുദായക്കാരനായി മാത്രമേ അംബേദ്കറിനെ കാണാൻ പാടുള്ളു. ഭരണഘടനയിൽ അദ്ദേഹത്തിന് യാതൊരു പങ്കുമില്ല. അംബേദ്കർ ഒരു പട്ടികജാതിക്കാരൻ മാത്രമാണ്. ഭരണഘടന ശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവർക്ക് വട്ടാണ്”- മണിയൻ പറഞ്ഞു. കഴിഞ്ഞയാഴ്ച ചെന്നൈ ത്യാഗരായ നഗറിലെ വസതിയിൽ നിന്ന് മണിയനെ അറസ്റ്റ് ചെയ്തിരുന്നു.
വിടുതലൈ ചിരുതൈഗൽ കച്ചി പ്രവർത്തകൻ സെൽവം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എസ്‌സി/എസ്ടി നിയമത്തിലെ 153,153(എ) ഉൾപ്പെടെ 5 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. ഇയാളെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു.