നവി മുംബൈ തുറമുഖത്ത് വൻ ലഹരിവേട്ട; 1,725 കോടിയുടെ മയക്കുമരുന്ന് പിടികൂടി
നവി മുംബൈ തുറമുഖത്ത്ൽ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയിൽ 1,725 കോടിയോളം രൂപ വിലവരുന്ന 345 കിലോഗ്രാം ഹെറോയിനാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ പിടികൂടിയത്. സെപ്റ്റംബർ മൂന്നിന് മയക്കുമരുന്നുമായി രണ്ട് അഫ്ഗാൻ പൗരന്മാരെ അറസ്റ്റ്ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഹെറോയിൻ കടത്തുന്നതിനെക്കുറിച്ച് വിവരം ലഭിച്ചത്.
രാജ്യത്ത് നടന്ന രണ്ടാമത്തെ വലിയ മയക്കുമരുന്ന് വേട്ടയാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 21,000 കോടിയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ വിവിധ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുകയാണെന്ന് പൊലീസ് കമീഷണർ എച്ച്. ജി.എസ് ധാലിവൽ പറഞ്ഞു.