കുമ്പസാരം ഭരണഘടനാ വിരുദ്ധമോ ?… ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും
മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കുമ്പസാരം നടത്തിയിരിക്കണമെന്ന 1934-ലെ സഭാ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
സഭ ഭരണഘടനയിലെ 10, 11 വകുപ്പുകള്‍ മനുഷ്യന്റെ അന്തസും മൗലിക അവകാശങ്ങളും ലംഘിക്കുന്നതാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. സഭയിലുള്ളവരെല്ലാം സ്ഥിരമായി പാപം ചെയ്യുന്നവരാണെന്ന മുന്‍വിധിയോടെയാണ് കുമ്പസാരം നിര്‍ബന്ധമാക്കിയിരിക്കുന്നത്.
വിശ്വാസികള്‍ക്ക് ആത്മീയ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ കുമ്പസാരിച്ചിരിക്കണമെന്ന് സഭാ ഭരണഘടനയില്‍ പറയുന്നു. മറ്റു സഭകളില്‍ നിര്‍ബന്ധിത കുമ്പസാരമില്ല. പാപം ചെയ്യുന്നവരാണ് ആ സഭകളില്‍ കുമ്പസാരിക്കുന്നത്.
മലങ്കര സഭയില്‍ കുമ്പസാരം നടത്തുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ക്കും വ്യക്തി സ്വാതന്ത്ര്യത്തിനും എതിരാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ഓര്‍ത്തഡോക്സ് സഭാ അംഗങ്ങളായ മാത്യു ടി.മാത്തച്ചന്‍, സി.വി.ജോസ് എന്നിവരാണ് റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.