Monday, January 6, 2025
National

അയോധ്യയില്‍ രാമക്ഷേത്രത്തിന് നരേന്ദ്ര മോദി തറക്കല്ലിടും; 200 പേര്‍, ആഗസ്റ്റ് 5ന് വിപുലമായ പരിപാടി

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന വിപുലമായ പരിപാടിയില്‍ 200 പേര്‍ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150 ക്ഷണിതാക്കള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, മറ്റു പ്രമുഖര്‍ പങ്കെടുക്കും. അയോധ്യയിലെത്തുന്ന നരേന്ദ്ര മോദി ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തും. ശേഷമാണ് തറക്കല്ലിടല്‍ കര്‍മത്തിന് എത്തുക

രാമക്ഷേത്രം നിര്‍മിക്കുന്ന സ്ഥലത്ത് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. മൂന്ന് ദിവസം നീളുന്ന പ്രത്യേക പ്രാര്‍ഥനകളും പൂജകളുമാണ് നടക്കുക. ആഗസ്റ്റ് അഞ്ചിനാണ് ഭൂമി പൂജ. രാമജന്മഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയിരുന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി, ഉമാ ഭാരതി, മുരളീ മനോഹര്‍ ജോഷി, വിനയ് കത്യാര്‍ എന്നിവര്‍ക്കെല്ലാം ചടങ്ങിലേക്ക് ക്ഷണമുണ്ടെന്ന് രാം മന്ദിര്‍ ട്രസ്റ്റ് അംഗം പറഞ്ഞു. ക്ഷേത്ര നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചാണ് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്. ആഗസ്റ്റ് 5ന് ഉച്ചയ്ക്ക് 12.15നായിരിക്കും തറക്കല്ലിടല്‍ കര്‍മം.

ഗണപതി പൂജയോടെയാണ് കര്‍മങ്ങളുടെ തുടക്കം. പിന്നീട് ഭൂമി പൂജ നടക്കും. ശേഷം തറക്കല്ലിടല്‍ കര്‍മവും. ഏറ്റവും ഒടുവില്‍ നടക്കുന്ന ഭൂമി പൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അയോധ്യയിലെയും വാരണാസിയിലെയും 11 അംഗ സന്യാസിമാരാണ് പൂജകള്‍ക്ക് നേതൃത്വം നല്‍കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വാരണാസി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുട ആദ്യ അയോധ്യ സന്ദര്‍ശനമാണിത്. രണ്ടു മണിക്കൂറോളം അദ്ദേഹം അയോധ്യയിലുണ്ടാകും. രാജ്യത്തെ വിഐപികള്‍ ഒത്തുചേരുന്ന ചടങ്ങുകള്‍ ആയതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കുക. അയോധ്യയിലെങ്ങും കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കും. ചടങ്ങുകള്‍ നേരിട്ട് കാണുന്നതിനാണിത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരും എത്തുമെന്നാണ് വിവരം. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി രാമക്ഷേത്ര നിര്‍മാണത്തിന് നാല് ലക്ഷം രൂപ കഴിഞ്ഞദിവസം സംഭാവന ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *